പുതുക്കാട് : വരന്തരപ്പിള്ളി കുന്നത്തുപ്പാടത്ത് കോഴിഫാമിൽ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. 200 ഓളം നാടൻ കോഴികളെ തല്ലിക്കൊന്നു. വരന്തരപ്പിള്ളി വടക്കുമുറി കൊളത്താപ്പിള്ളി സുരേഷിന്റെ ഫാമിലെ കോഴികളെയാണ് ഒന്നടങ്കം കൊന്നത്. ഫാമിനുള്ളിലും പുറത്തുമായാണ് കോഴികളെ ചത്ത നിലയിൽ കണ്ടത്.
ഇന്നലെ ഉച്ചതിരിഞ്ഞ് കോഴികൾക്ക് തീറ്റ കൊടുക്കാൻ എത്തിയപ്പോഴാണ് കോഴികൾ കൂട്ടത്തോടെ ചത്തുകിടക്കുന്നത് കണ്ടത്. നാടൻകോഴി, കരിങ്കോഴി ഇനങ്ങളിൽപ്പെട്ട 500 ഓളം കോഴികളാണ് ഫാമിലുണ്ടായിരുന്നത്.
ഭൂരിഭാഗം നാടൻ കോഴികളേയും കൊന്നിട്ടശേഷം ബാക്കിയുള്ളവയെയും കരിങ്കോഴികളേയും കൂടുതുറന്ന് വിട്ടയച്ചു. രണ്ട് കിലോഗ്രാം വീതം തൂക്കമുള്ള കോഴികളെയാണ് കൊന്നത്. ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫാം നടത്തിപ്പുക്കാരുടെ പരാതിയിൽ വരന്തരപ്പിള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.