വടക്കഞ്ചേരി: പാളയത്ത് നായ്ക്കളേയും കോഴികളെയും കൊന്ന് പാതയോരത്തെ വൈദ്യുതി പോസ്റ്റിൽ കെട്ടി തൂക്കിയ സംഭവത്തിൽ പ്രദേശവാസികളായ രണ്ട് യുവാക്കളെ വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.
കിഴക്കേ പാളയം സ്വദേശികളായ വിനോദ് (22), ഗുരുവായൂരപ്പൻ(22) എന്നിവരെയാണ് സി ഐ മഹേന്ദ്രസിംഹൻ, എസ് ഐ സുധീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേക്ഷണ സംഘം അറസ്റ്റ് ചെയ്തത്.
മോഷണം, ജീവ ജാലങ്ങളെ അപായപ്പെടുത്തൽ, ഭീക്ഷണി തുടങ്ങി മൂന്ന് വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിട്ടുള്ളത്.ഒരു വർഷം മുന്പ് പാളയത്തുണ്ടായ ഒരു അടിപിടി കേസ് ഒത്തുതീർപ്പാക്കുന്നതിൽ ഫാം നടത്തുന്ന സുരേഷ് കുമാർ തടസ്സം നിന്നതിലുള്ള വൈരാഗ്യമാണ് കൃത്യത്തിന് യുവാക്കളെ പ്രേരിപ്പിച്ചതെന്ന് സിഐ പറഞ്ഞു.
കാഞ്ഞിര തൊലിയും മാർക്കറ്റിൽ നിന്നും വാങ്ങിയ കോഴിയിറച്ചിയും ചേർത്ത് നൽകിയാണ് പാളയം കരിപ്പാലി റോഡിൽ കോണ്ഗ്രസ് പ്രവർത്തകനായ ആണ്ടവന്റെ മകൻ സുരേഷ് കുമാർ നടത്തുന്ന ഫാമിലെ നായ്ക്കളെ കൊന്നത്.
ജർമ്മൻ ഷെപ്പേർഡ്, ലാബ്രഡോർ എന്നീ ഇനത്തിൽപ്പെട്ട രണ്ട് നായ്ക്കളെയാണ് കൊന്നത്.വീട്ടുമുറ്റത്തെ മൂലയിലുള്ള നായ് കൂട്ടിലേക്ക് വഴിയിൽ നിന്നും അടുത്ത വീട്ടിലേക്ക് കടന്നുമാണ് വിഷം കലർന്ന ഭക്ഷണം കൂട്ടിലേക്ക് എറിഞ്ഞ് കൊടുത്തത്.
പിന്നീട് വീടിനു പുറകിലെ കൂടുകളിൽ നിന്നും മൂന്ന് വലിയ കൊങ്ങൻ ( പന്തയ കോഴി ) കോഴികളേയും മോഷ്ടിച്ചതായി പോലീസ് പറഞ്ഞു.
ശബ്ദം കേട്ട് വീട്ടുക്കാർ ലൈറ്റിട്ടപ്പോൾ കൂടുകൾക്ക് പുറകിൽ ഒളിച്ചിരുന്നതായി തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ യുവാക്കൾ പറഞ്ഞു.
കഴിഞ്ഞ 18 ന് പുലർച്ചെ ഒരു മണിക്കും മൂന്ന് മണിക്കും ഇടയിലായിരുന്നു സംഭവം. മോഷ്ടിച്ച കോഴികളിൽ ഒന്നിനെ കറി വെച്ച് കഴിച്ചു.
രണ്ടെണ്ണത്തിനെ യുവാക്കളുടെ വീടിനടുത്ത് തന്നെയുള്ള തറവാട്ട് വീട്ടിൽ ഒളിപ്പിച്ചു.നാല് ദിവസം ഇവക്ക് ഭക്ഷണം നൽകാതെയിട്ടു.
തുടർന്നാണ് കഴിഞ്ഞ ശനിയാഴ്ച കോഴികളുടെ കഴുത്ത് അറുത്ത് കൊന്ന് പാളയം പുഴക്ക് സമീപം കുളിക്കടവിലെ വൈദ്യുതി പോസ്റ്റിൽ കെട്ടി തൂക്കിയത്.
ഇത് പോലെ തന്നേയും കൊന്ന് കെട്ടി തൂക്കുമെന്ന ഭീഷണി കത്തും കോഴികളുടെ ജഢത്തിനൊപ്പം കവറിലാക്കി തൂക്കിയിരുന്നു.പരാതി നൽകിയിട്ടും നായ്ക്കൾക്ക് വിഷം നൽകി കൊന്ന സംഭവം പോലീസും അത്ര കാര്യമാക്കിയെടുത്തില്ല.
എന്നാൽ ഭക്ഷണം കൊടുക്കാതെ കോഴികളെ മൃതപ്രായമാക്കിയശേഷം കഴുത്തറുത്ത് കൊന്ന് കെട്ടി തൂക്കിയ സംഭവത്തോടെ വിഷയം ഗൗരവമുള്ളതാണെന്ന് കണ്ട് അന്വേഷണം ചൂടുപിടിക്കുകയായിരുന്നു.
കോഴികളെ പട്ടിണിക്കിട്ട് കൊന്ന് വളരെ ആസൂത്രിതമായാണ് കൃത്യം ചെയ്തിട്ടുള്ളതെന്ന നിഗമനത്തിലാണ് പിന്നെ സി ഐ യുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിച്ചത്.മിണ്ടാപ്രാണികളോട് ചെയ്ത ക്രൂരതക്കെതിരെ നാട്ടിൽ പ്രതിക്ഷേധവും ശക്തമായിരുന്നു.
പ്രതികളെ സ്ഥലത്തു കൊണ്ട് വന്ന് കോഴികളെ അറുത്ത കൊടുവാളും നായ്ക്കൾക്ക് ഭക്ഷണത്തിൽ വിഷം കലർത്താൻ തൊലി ശേഖരിച്ച കോവിലിനടുത്തെ കാഞ്ഞിരമരവും യുവാക്കൾ പോലീസിന് കാട്ടികൊടുത്തു.കോടതിയിൽ ഹാജരാക്കിയ യുവാക്കളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.