കോട്ടയം: നിരപരാധികളായ കോഴികളെ വിഷം കൊടുത്തു കൊന്ന അയൽവാസിക്കെതിരേ ഒടുവിൽ പോലീസ് കേസെടുത്തു. കറുകച്ചാൽ പോലീസ് ആണ് അപൂർവമായ കേസ് രജിസ്റ്റർ ചെയ്തത്. കോഴിയെ കൊന്നതിനും കേസോ എന്നു ചോദിച്ചേക്കാം. പക്ഷേ ഒരു വീടിന്റെ വരുമാനമായിരുന്ന കോഴികളെ കൊന്നത് ഒരിക്കലും ന്യായീകരിക്കാനാവില്ല എന്ന നിലപാടിലാണ് പോലീസ്.
മാത്രവുമല്ല കോഴികളെ പൊന്നുപോലെ വീട്ടമ്മ പരിപാലിച്ചിരുന്നു എന്നാണ് അയൽവാസികൾക്ക് പോലീസിനോട് പറയാനുണ്ടായിരുന്നത്. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് കോഴിയെ കൊന്നതിന്റെ പേരിൽ ആരോപണ വിധേയനായ അയൽവാസിക്കെതിരേ പോലീസ് കേസെടുത്തത്.
അയൽവാസിയുടെ പറന്പിൽ കയറി തീറ്റ തേടി എന്ന കുറ്റമാണ് കോഴികളെ കൊല്ലാനുള്ള കാരണം. വിവരമില്ലാത്ത കോഴിക്കറിയില്ലല്ലോ സ്വന്തം ഉടമയുടെ പറന്പും അയൽവാസിയുടെ പറന്പും ഏതാണെന്ന്. അവ തീറ്റതേടി എത്തിയത് അയൽവാസിക്ക് ഇഷ്ടപ്പെട്ടില്ല. ഇതിന്റെ പേരിൽ വഴക്കായി വക്കാണമായി.
ഒടുവിൽ പാവം കോഴികളെ കൊന്നു. കങ്ങഴ പഞ്ചായത്ത് 11-ാം വാർഡിൽ മുണ്ടത്താനത്തു നിന്നാണ് കോഴിക്കേസ്. പൂതകുഴി പി.കെ.പൊന്നമ്മയുടെ വീട്ടിലെ എട്ടു പിട കോഴികളെയാണ് കഴിഞ്ഞ വ്യാഴാഴ്ച കൊന്നത്. വ്യാഴാഴ്ച രാവിലെ പൊന്നമ്മയുടെ കോഴികൾ അയൽവാസിയുടെ പുരയിടത്തിൽ കയറിയതിനെ ചൊല്ലി അയൽവാസിയും പൊന്നമ്മയുമായി വാക്കുതർക്കം ഉണ്ടായിരുന്നു.
ഇനിയും പുരയിടത്തിൽ കോഴി കയറിയാൽ കൂട്ടത്തോടെ കൊല്ലുമെന്ന് അയൽവാസി ഭീഷണി മുഴക്കിയതായി പൊന്നമ്മ പറയുന്നു. വൈകിട്ട് കോഴികൾ കൂട്ടിലെത്താതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ പറന്പിന്റെ വിവിധ ഭാഗങ്ങളിൽ എട്ടു കോഴികളെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു.
ജനകീയാസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്തിൽ നിന്നും ലഭിച്ച കോഴികളാണ് ചത്തത്. ഇതേ തുടർന്നാണ് പോലീസിൽ പരാതി നല്കിയത്. ചത്ത കോഴികളെ തിരുവല്ല മഞ്ഞാടിയിലുള്ള പക്ഷി സംരക്ഷണ കേന്ദ്രത്തിൽ പോസ്റ്റ്മോർട്ടം പരിശോധന നടത്തി.
കോഴിയുടെ ആന്തരിക അവയവങ്ങൾ വിദഗ്ധ പരിശോധനക്കായി തിരുവനന്തപുരം ഫോറൻസിക് ലാബിലേക്ക് അയച്ചു. കോഴിയുടെ മരണം എങ്ങനെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടം പരിശോധനാ റിപ്പോർട്ടിൽ മരണ കാരണം വ്യക്തമാക്കിയിട്ടില്ല. ഇനി ആന്തരിക അവയവങ്ങളുടെ രാസ പരിശോധനാ റിപ്പോർട്ട് വന്നാലേ മരണം കാരണം അറിവാകു.