വടക്കഞ്ചേരി: പാളയത്ത് വിലകൂടിയ നായ്ക്കളേയും കോഴികളെയും കൊന്ന് പാതയോരത്തെ വൈദ്യുതി പോസ്റ്റിൽ കെട്ടി തൂക്കിയ സംഭവത്തിൽ കോഴികളെ കഴുത്തറുത്ത് കൊന്നത് ഒരാഴ്ചയോളം പട്ടിണിക്കിട്ട ശേഷമാണെന്നു കണ്ടെത്തി.
പോസ്റ്റ്മോർട്ടത്തിലാണ് കോഴികളെ ഇത്തരത്തിൽ നിഷ്ക്കരുണം കൊന്നതായി കണ്ടെത്തിയത്. ടൗണിനടുത്ത് പാളയം കരിപ്പാലി റോഡിൽ പാളയം ആണ്ടവന്റെ വീട്ടിലെ മിണ്ടാപ്രാണികളോടാണ് ഈ ക്രൂരത കാട്ടിയത്.
കോണ്ഗ്രസ് പ്രവർത്തകനായ ആണ്ടവന്റെ മകൻ സുരേഷ്കുമാറാണ് ഇവയെ വീട്ടിൽ വളർത്തുന്നത്. വീടിനോട് ചേർന്ന് വഴിക്കു സമീപമാണ് ഇവയുടെ കൂടുകൾ.
ജർമ്മൻ ഷെപ്പേർഡ്, ലാബ്രഡോർ എന്നീ ഇനങ്ങളിലുള്ള രണ്ടു നായ്ക്കൾക്ക് വിഷം നൽകി കൊന്നതിനു പിന്നാലെ കൂട്ടിൽ നിന്നും അഞ്ച് കോഴികളെയാണ് കൂട് തകർത്ത് കൊണ്ടുപോയത്.
ഈ കോഴികളെയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച കഴുത്തറുത്ത് കൊന്ന് റോഡിലെ പോസ്റ്റിൽ കെട്ടി തൂക്കിയത്. വിപണിയിൽ മോഹവിലയുള്ള മുന്തിയ ഇനം കോഴികളെയാണ് കൊണ്ട് പോയത്.
കഴിഞ്ഞ ഞായറാഴ്ച അർധരാത്രിയോടെയാണ് നായ്ക്കൾക്ക് വിഷംകൊടുത്തു കൊന്നത്. അന്നുതന്നെ കോഴികളെ കൊണ്ടുപോയിരുന്നു.
17ന് തന്നെ പോലീസിൽ സംഭവം സംബന്ധിച്ച് പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം ഇഴയുന്നതിനിടെയാണ് കോഴികളെ കെട്ടി തൂക്കിയ സംഭവം ഉണ്ടായത്.
സിഐ മഹേന്ദ്ര സിംഹന്റെ നേതൃത്വത്തിൽ പോലീസ് അന്വേക്ഷണം നടക്കുന്നുണ്ട്. ഇന്നലെ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
കോഴികളെ കെട്ടി തൂക്കിയ പോസ്റ്റിൽ നിന്നും മണം പിടിച്ച് ഓടിയ നായ പാളയം പാലം കടന്ന് കിഴക്കഞ്ചേരി മെയിൻ റോഡിലെത്തി നിന്നു.
കോഴികളെ കൊന്ന് കെട്ടി തൂക്കിയ മട്ടിൽ തന്നേയും കെട്ടി തൂക്കുമെന്ന ഭീക്ഷണി കത്തും ഒപ്പമുണ്ടായിരുന്നു. ഒന്നിൽ കൂടുതൽ പേർ ഈ കൃത്യത്തിന് പിന്നിലുണ്ടെന്നാണ് സംശയിക്കുന്നത്.