കറുകച്ചാൽ: കോഴിക്ക് വല്ല വിവരവുമുണ്ടോ. അയൽവാസിയുടെ പറന്പെന്നോ സ്വന്തം ഉടമസ്ഥന്റെ പറന്പെന്നോ കോഴിക്കറിയുമോ. അവ തീറ്റതേടി എത്തിയത് അയൽവാസിക്ക് ഇഷ്ടപ്പെട്ടില്ല. ഇതിന്റെ പേരിൽ വഴക്കായി വക്കാണമായി. ഒടുവിൽ പാവം കോഴികളെ ആരോ കൊന്നു. ഇപ്പോൾ ഇതിന്റെ പേരിൽ കേസുമായി.
കങ്ങഴയിൽ നിന്നാണ് കോഴിക്കഥ ചികഞ്ഞു പുറത്തു വന്നത്. കറുകച്ചാൽ പോലീസ് ആണ് ഇപ്പോൾ ഈ കോഴിക്കേസ് കൈകാര്യം ചെയ്യുന്നത്. കങ്ങഴ പഞ്ചായത്ത് 11-ാം വാർഡിൽ മുണ്ടത്താനം പൂതകുഴി പി.കെ.പൊന്നമ്മയുടെ വീട്ടിലെ എട്ടു പിടക്കോഴികളെയാണ് കൊന്നത്.
വ്യാഴാഴ്ച രാവിലെ പൊന്നമ്മയുടെ കോഴികൾ അയൽവാസിയുടെ പുരയിടത്തിൽ കയറിയതിനെ ചൊല്ലി അയൽവാസിയും പൊന്നമ്മയുമായി വാക്കുതർക്കം ഉണ്ടായി. ഇനിയും പുരയിടത്തിൽ കോഴി കയറിയാൽ കൂട്ടത്തോടെ കൊല്ലുമെന്ന് അയൽവാസി ഭീഷണി മുഴക്കിയതായി പൊന്നമ്മ പറയുന്നു.
വൈകിട്ട് കോഴികൾ കൂട്ടിലെത്താതിരുന്നതിനെ തുടർന്ന് നടത്തിയ തെരച്ചിലിൽ പറന്പിന്റെ വിവിധ ഭാഗങ്ങളിൽ എട്ടു കോഴികളെ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ജനകീയാസൂത്രണ പദ്ധതി പ്രകാരം പഞ്ചായത്തിൽനിന്നും ലഭിച്ച കോഴികളാണ് ചത്തത്. ഇതേ തുടർന്നാണ് പോലീസിൽ പരാതി നല്കിയത്.
ചത്ത കോഴികളെ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി തിരുവല്ല മഞ്ഞാടിയിലുള്ള പക്ഷി സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയിട്ടുണ്ട്. പോസ്റ്റ്മോർട്ടം പരിശോധനയുടെ റിപ്പോർട്ട് ലഭിച്ചാലേ വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്നും ഏതു തരം വിഷം ഉപയോഗിച്ചാണ് കോഴികളെ കൊന്നതെന്നും വ്യക്തമാവുകയുള്ളൂ.