മുക്കം: വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മുക്കം നഗരസഭ വിതരണം ചെയ്ത മുട്ടക്കോഴി കുഞ്ഞുങ്ങൾ നിമിഷങ്ങൾക്കകം കൂട്ടത്തോടെ ചത്തു. പിന്നോക്ക വിഭാഗക്കാർക്ക് നൽകിയ മുട്ടക്കോഴി കുഞ്ഞുങ്ങളാണ് കൂട്ടത്തോടെ ചത്തത്. ചില ഗുണഭോക്താക്കൾക്ക് കിട്ടിയ കോഴികളിൽ പകുതിയോളം ചത്തു പോയിട്ടുണ്ട്. നഗരസഭയിലെ അമ്പലക്കണ്ടി പാലാട്ടുപറമ്പിൽ ബേബിക്ക് കിട്ടിയ 25 ൽ ഏഴ് കോഴികൾ വൈകീട്ട് ഏഴുമണിയാകുമ്പോഴേക്ക് ചത്തിരുന്നു.
പത്തെണ്ണം തൂക്കൽ പിടിച്ച നിലയിലാണെന്ന് ബേബി പറഞ്ഞു. ഇരട്ടക്കുളങ്ങര ചന്ദ്രന്റെ ഏഴ് കോഴിക്കുഞ്ഞുങ്ങളാണ് രാത്രി എട്ട് മണിക്ക് മുൻപ് ചത്തു വീണത്. മറ്റു പല ഉപഭോക്താക്കളുടെയും കോഴിക്കുഞ്ഞുങ്ങൾ ഇത്തരത്തിൽ ചത്തിട്ടുണ്ട്. കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. ഒരു കോഴിക്കുഞ്ഞിന് 27.5 രൂപ നിരക്കിൽ 690 രൂപയ്ക്കാണ് 25 കോഴിക്കുഞ്ഞുങ്ങളെ ഗുണഭോക്താവിന് വിതരണം ചെയ്തത്.
25 കുഞ്ഞുക്കുഞ്ഞുങ്ങൾക്ക് ആദ്യം 650 രൂപയാണ് പറഞ്ഞിരുന്നതെങ്കിലും, വില കൂടിയെന്ന് പറഞ്ഞ് 40 രൂപ അധികം വാങ്ങുകയും ചെയ്തിരുന്നു. 45 ദിവസം പ്രായമുള്ള ഗിരിരാജ ഇനത്തിൽപ്പെട്ട കോഴിക്കുഞ്ഞിനെയാണ് വിതരണം ചെയ്തത്. കേരള വെറ്റിനറി ആൻഡ് അനിമൽ സയൻസസ് സർവകലാശാലയിൽ വിരിഞ്ഞ കുഞ്ഞുങ്ങളാണെന്നാണ് അധികൃതരുടെ വാദം.
വരുമാന മാർഗമെന്ന നിലയിലാണ് പലരും മുട്ടക്കോഴി കുഞ്ഞുങ്ങളെ വാങ്ങിയത്. അതു കൊണ്ട് തന്നെ പല ഉപഭോക്താക്കളും കോഴിയെ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മുൻപ് പതിനായിരത്തോളം രൂപ മുടക്കി ഹൈടെക്ക് കോഴിക്കൂടും വാങ്ങി വച്ചിരുന്നു. ഹൈടെക്ക് കോഴിക്കൂടിന് ഓർഡർ നൽകി കാത്തിരിക്കുന്നവരുമുണ്ട്.