റാന്നി: അയൽവാസികളും സുഹൃത്തുക്കളുമായ നിജിലിന്റെയും ബൈജുവിന്റെയും അകാല വേർപാട് കുടുംബത്തെയും നാടിനെയും ഒരോപോലെ ദുഃഖത്തിലാഴ്ത്തി. ആരുടെയും ഏത് ആവശ്യത്തിനും എപ്പോഴും ഓടിയെത്തുന്നയാളായിരുന്നു നിജിലെന്ന് നാട്ടുകാർ പറയുന്നു. സ്വന്തമായി കോഴിഫാം നടത്തിവരികയായിരുന്ന നിജിൽ വർഗീസ് നാട്ടിൽ ഏറെ പ്രിയപ്പെട്ടവനുമായിരുന്നു.
അടുത്ത സമയത്താണ് ഗൾഫിൽ നിന്നെത്തിയതെങ്കിലും നിജിലിനൊപ്പം എപ്പോഴും ഏതാവശ്യത്തിനും സുഹൃത്തായ ബൈജുവും ഉണ്ടായിരുന്നു. സുഹൃത്തിനെ കോഴിഫാമിൽ സഹായിക്കാനാണ് വിളിച്ചയുടനെ രാത്രിയിൽ ബൈജുവും ഓടിയെത്തിയത്.
ഇത് ഇരുവരുടെയും അന്ത്യയാത്രയാകുമെന്ന് ആരും കരുതിയില്ല. ബൈജുവിന്റെ ഭാര്യ സൗമ്യ സൗദിയിൽ നഴ്സാണ്. ആറുവയസുകാരിയായ ഗൗരീനന്ദന ഏക മകളാണ്. ഗൾഫിലായിരുന്ന സൗമ്യ വിവരമറിഞ്ഞത് ഇന്നലെ രാത്രി തന്നെ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. നിജിലിന്റെ ഇളയ സഹോദരി ഗൾഫിലുള്ള നിതയും നാളെ വീട്ടിലെത്തും.
റാന്നി മാർത്തോമ്മാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ ബുധനാഴ്ച രാവിലെ എട്ടോടെ മോർച്ചറിയിൽ നിന്നെടുത്ത് വിലാപയാത്രയായി ഭവനങ്ങളിലേക്ക് കൊണ്ടുവരും. ഇരുസംസ്കാരങ്ങൾക്കും അയൽവാസികൾക്കും സുഹൃത്തുക്കൾക്കും സംബന്ധിക്കേണ്ടതിന് രാവിലെ 11നാണ് ബൈജുവിന്റെ സംസ്കാര സമയം നിശ്ചയിച്ചിട്ടുള്ളത്. മൂന്നോടെ കരിമ്പനാംകുഴി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളിയിൽ നിജിലിന്റെ സംസ്കാരവും നടക്കും.