ചിറ്റൂർ: കോഴിഫാമുകളിലും വാഹനങ്ങളിൽ കടത്തുന്നതിനിടെ ചത്ത കോഴികളെയും താലൂക്കിലെ ഹോട്ടലുകളിൽ വിൽപ്പന നടത്തുന്ന സംഘം വിലസുന്നു. ചത്ത കോഴികളെ പകുതി വിലയ്ക്കാണ് വിൽപ്പന നടത്തുന്നതത്രെ. കോഴി കടത്തുവാഹനങ്ങൾ പുലർച്ചെ നാലുമണിക്കു മുന്പു തന്നെ താലൂക്കിൽ എത്താറുണ്ട്. ജീവനുള്ള കോഴികളെ കോഴിക്കടകൾക്കു മുന്നിൽ ഇറക്കി കൊടുക്കും.
ചത്ത കോഴികളെ തുച്ഛമായ പ്രതിഫലം നൽകിയാണ് ഇടനിലക്കാരായ കച്ചവടക്കാർ മൊത്തമായി വാങ്ങുന്നത്. എത്തിച്ചവയിൽ ചത്ത കോഴികളെ പുലർച്ചെ തന്നെ വെട്ടി മുൻകൂറായി പറഞ്ഞുവെച്ച ഹോട്ടലുകളിൽ പകുതി വിലക്ക് വിൽക്കും. ബാക്കിവരുന്ന ഇറച്ചി ശീതീകരണ യന്ത്രത്തിൽ സൂക്ഷിച്ച് മൂന്നാം ദിവസവും വിൽപ്പന നടത്താറുണ്ട്. പ്രഭാത വ്യായാമത്തിന് നടക്കുന്നവരാണ് ചത്ത കോഴികളെ കൈമാറുന്നത് നേരിൽ കാണുന്നത്.
വളർത്തുനായകൾക്കും പന്നിഫാമിലേക്കുമാണ് ചത്ത കോഴികളെ ശേഖരിക്കുന്നതെന്നാണ് കോഴികച്ചവടക്കാരൻ വിശദീകരിക്കുന്നത്. ചത്തു ചീഞ്ഞ കോഴിയിറച്ചി ഹോട്ടലുകളിൽ ഭക്ഷിക്കുന്നവർ ഗുരുതരമായആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്. പുലർച്ച സമയങ്ങളിൽ മാട്ടിറച്ചി എന്ന മട്ടിലാണ് വെട്ടി ശരിപ്പെടുത്തിയ കോഴിയിറച്ചി വ്യാപാര സ്ഥാപനങ്ങളിലെത്തിക്കുന്നത്. ഹോട്ടലുകളിൽ തദ്ദേശ സ്വയംഭരണ സ്ഥാപന ആരോഗ്യ വകുപ്പ് അധികൃതർ മാസത്തിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ മാത്രമെ പരിശോ ധ നടത്താറുള്ളൂ.
പഴകിയ മാംസം കണ്ടെത്തിയാൽ തന്നെ ആയിരം രൂപയ്ക്ക് താഴെ പിഴയടപ്പിക്കുന്നതാണ് ശിക്ഷണ രീതി. ഈ പിഴയടക്കാൻ ഹോട്ടലുടമകൾ തയ്യാറുമാണ്. കർശനക്കാരായ ഹെൽത്ത് ഇൻസ്പെക്ടർമാർസംഭവം പിടികൂടി ശക്തമായ നടപടിക്കു മുതിർന്നാൽ രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഇടപെടൽ ഈ കേസ്സ് ഒതുക്കി തീർക്കുകയുമാണ്.
ഹോട്ടലുകളിൽനിന്ന് ഇറച്ചി ഭക്ഷണം കഴിച്ച് ആരോഗ്യ പ്രശ്നം ഉണ്ടാവുന്നവർ അടിയന്തര ചികിത്സക്കു ശ്രമിക്കുന്നതല്ലാതെ സംഭവത്തിന് ഉത്തരവാദികളായവർക്കെതിരെ പരാതിയുമായി രംഗത്തു വരാറുമില്ല. ഇതു ചീഞ്ഞ മാംസ വിൽപ്പന കച്ചവടം സുഗമമായി നടത്താൻ സഹായമാവുകയാണ്. പുലർച്ചെ നാലു മുതൽ ആറുവരെ സമയങ്ങളിലാണ് വെട്ടി ശരിപ്പെടുത്തിയ മാംസ വിൽപ്പന പിടികൂടാൻ ബന്ധപ്പെട്ട ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തേണ്ടത്.