കൊച്ചി: ഹോര്‍മോണ്‍ കുത്തിവയ്ച്ചുള്ള ഇറച്ചിക്കോഴികളാണ് സംസ്ഥാനത്ത് വില്പനയ്ക്കെത്തിക്കുന്നതെന്ന പ്രചാരണങ്ങള്‍ വ്യാജമാണെന്ന് മൃഗസംരക്ഷ, ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി. ഹോര്‍മോണ്‍ പോലുള്ള കെമിക്കലുകളെ പ്രതിരോധിക്കാനുള്ള ശേഷി ഇറച്ചിക്കോഴികള്ക്കില്ല.
സാധാരണ തീറ്റ നല്കിയാല് തന്നെ കോഴികള്‍ക്ക് തൂക്കം ലഭിക്കുമെന്നതിനാല്‍ അനാവശ്യമായി ഹോര്‍മോണ്‍ കുത്തിവയ്ച്ച് ഭാരം വര്‍ധിപ്പിക്കേണ്ട ആവശ്യമില്ലെന്ന് പ്രായോഗിക ബുദ്ധിയില്‍ ചിന്തിച്ചാല്‍ മനസിലാകുന്നതേയുള്ളെന്നും മന്ത്രി പറഞ്ഞു.
ഭക്ഷോത്പാദന വിതരണ മേഖലയില്‍ സമ്പൂര്‍ണ സുരക്ഷിതത്വം ഉറപ്പു വരുത്താനായി രൂപം നല്കിയ ട്രസ്റ്റ് ഓഫ് സേഫ്റ്റി ആന്‍ഡ് ടേസ്റ്റ് (ടോസ്റ്റ്) ന്റെ ആഭിമുഖ്യത്തില്‍ ബോള്‍ഗാട്ടി കണ്വന്ഷന് സെന്ററില്‍ നടത്തിയ പ്രഥമ സംസ്ഥാനതല സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മായം കലരാത്ത ആരോഗ്യകരവും പോഷക സംപുഷ്ടവുമായ ഭക്ഷണം വിളമ്പുകയെന്നതാണ് ഭക്ഷ്യസുരക്ഷയുടെ ലക്ഷ്യം. ഇത് ഭക്ഷ്യോത്പാദകരുടെയും വില്പനക്കാരുടെയും കടമയും ഉത്തരവാദിത്തവുമാണ്.
ഇടയ്ക്കിടെ സംഭവിക്കുന്ന ഭക്ഷ്യവിഷബാധ വലിയ ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ട്. ഭക്ഷ്യോത്പന്നങ്ങള്‍ നിരന്തരം പരിശോധന നടത്തി സുരക്ഷിതമെന്ന് സാക്ഷ്യപ്പെടുന്ന മാതൃകാപരമായ രീതിക്ക് ഭക്ഷ്യ ഉത്പാദന, വില്‍പ്പന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ സ്വയം തയാറായാല്‍ ഈ മേഖലയിലെ വിശ്വാസ്യത ഉറപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ജി. ജയപാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ എം.ആര്. ശശീന്ദ്രനാഥ്, കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ടി.എസ്. പ്രമേദ്, ട്രഷറര്‍ ഡോ. വി.ആര്. റാണ രാജ്, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നൗഷാദ് അലി എന്നിവര്‍ പ്രസംഗിച്ചു.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട സെമിനാര്‍ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ.എ.കൗശിഗന് ഉദ്ഘാടനം ചെയ്തു. പ്രമുഖര്‍ ക്ലാസുകള്‍ നയിച്ചു. വെറ്ററിനറി സര്‍വകലാശാല എന്റര്‍പ്രണര്‍ഷിപ്പ് ഡയറക്ടര്‍ ഡോ. ടി.എസ്. രാജീവ് മോഡറേറ്ററായിരുന്നു.