ആലപ്പുഴ: യുഎസിൽ നിന്നും കോഴി ഇറച്ചി ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം പിൻവലിക്കണമെന്ന് ആൾ കേരളാ പൗൾട്രി ഫെഡറേഷൻ. ഗാട്ട് കരാറിന്റെ അടിസ്ഥാനത്തിൽ അമേരിക്കയിൽ നിന്നും കോഴി ഇറച്ചി ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആൾ കേരളാ പൗൾട്രി ഫെഡറേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
ഈ നയം മൂലം ഉൽപാദന ചെലവിലും കുറഞ്ഞ വിലയിൽ ഉൽപന്നം വിൽക്കേണ്ടി വരുന്ന ഇന്ത്യയിലെ പൗൾട്രി കർഷകരുടെ ജീവിതം ദുരിതത്തിലാവുമെന്നും, അതിനാൽ ഇറക്കുമതി നയത്തിൽ നിന്നും പിൻമാറാൻ കേന്ദ്ര ഗവണ്മെന്റിനുമേൽ സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തണമെന്നും അമേരിക്കയിൽ നിന്നും പുറം തള്ളുന്ന ഭക്ഷ്യ യോഗ്യമല്ലാത്ത കോഴി ഇറച്ചി ഉൽപന്നങ്ങൾ ഇന്ത്യയിലെ ജനങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ആൾ കേരളാ പൗൾട്രി ഫെഡറേഷൻ സംസ്ഥാന കമ്മറ്റി വിലയിരുത്തി.
സംസ്ഥാന പ്രസിഡന്റ് എം താജുദ്ദീൻ, ജനറൽ സെക്രട്ടറി എസ്.കെ.നസീർ, ട്രഷറർ ആർ രവീന്ദ്രൻ എന്നിവർ സംസാരിച്ചു.