കോഴിക്കോട്: ഒഞ്ചിയത്ത് ഭാരത് സേവക് സമാജ് (ബിഎസ്എസ്) പദ്ധതിയില്‍ തട്ടിപ്പ് നടത്തി വീട്ടമ്മമാരെ ജപ്തി നടപടികളിലേക്ക് തള്ളിവിട്ട കേസില്‍ മനുഷ്യവകാശ കമ്മീഷന് ഇടപെട്ടു. പദ്ധതിയുടെ പേരില്‍ സ്ത്രീകളെ കരുവാക്കി തട്ടിപ്പു നടത്തിയതാണന്ന സംശയത്തില്‍ പരാതി വിജിലന്‍സ് ആന്റി കറപ്ഷന്‍ വിഭാഗം അന്വേഷിക്കാനും സിന്‍ഡിക്കേറ്റ് ബാങ്ക് അധികൃതരോട് ജപ്തി നടപടികള്‍ തല്കാലത്തേക്ക് നിര്‍ത്തിവെക്കാനും കമ്മീഷന് ആവശ്യപ്പെട്ടു.
തൊഴിലില്ലാത്ത സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുക എന്ന വാഗ്ദാനവുമായാണ് ബിഎസ്എസില് ഉള്‍പ്പെടുത്തി മുട്ടഗ്രാമം പദ്ധതി് നടപ്പാക്കിയത്. ഓര്‍ക്കാട്ടേരി സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്നും സ്തീകളെക്കൊണ്ട് ലോണ്‍ എടുപ്പിച്ചാണ് മുട്ടഗ്രാമം പദ്ധതിയില്‍ ചേര്‍ത്തത്.
15,000 രൂപയുടെ സ്കീമില്‍ ഒഞ്ചിയത്ത് നിന്നും 330 സ്ത്രീകളാണ് അംഗങ്ങളായത്. ഇവര്‍ക്കെല്ലാം കോഴിയും കോഴിക്കൂടും നല്കി. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ നല്കിയ കോഴികളെല്ലാം ചത്തു വീഴാനും ബാക്കിയുള്ളതെല്ലാം ലോ ബ്രീഡ് കോഴികളാണെന്നും മനസിലായി. ഇവര്‍ നല്കിയ കോഴിക്കൂടും കോഴിത്തീറ്റയുമെല്ലാം നിലവാരമില്ലാത്തതായിരുന്നു.
പദ്ധതി പരാജയമാണെന്ന് സ്ത്രീകള്‍ തിരിച്ചറിയുമ്പോഴേക്കും ബാങ്കില്‍ പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ പലിശ കുന്നുകൂടി ജപ്തി ഭീഷണി വരെ എത്തിയിരുന്നു. ഇവരെ പദ്ധതിയില്‍ ചേര്‍ത്ത ബിഎസ്എസ് ജീവനക്കാരായ ജയകുമാറിനെയും ഗോപകുമാറിനെയും ഫോണിലും നേരിട്ടും ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
കഴിഞ്ഞ മനുഷ്യാവകാശ അദാലത്തില്‍ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ബിഎസ്എസ് ജീവനക്കാരോട് ഇന്നലെ നടന്ന അദാലത്തിലേക്ക് എത്താന്‍ പറഞ്ഞെങ്കിലും ആരും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് പദ്ധതി വഴി അഴിമതി നടന്നതായി കമ്മീഷനും സംശയം പ്രകടിപ്പിച്ചതും അന്വേഷണത്തിന് ഉത്തരവിട്ടതും.