തൃശൂർ: പിടിച്ചാൽ കിട്ടാതെ കോഴിവില കുതിക്കുന്നു. കിലോയ്ക്ക് 210 രൂപവരെ കുതിച്ചുയർന്നിരിക്കുന്ന വില ഇനിയും കൂടുമെന്നാണ് വിപണിയിൽ നിന്നും ലഭിക്കുന്ന സൂചനകൾ. ഇറച്ചിക്കോഴിക്കാകട്ടെ 150രൂപയാണ് കിലോയ്ക്ക് ഇപ്പോഴുള്ളത്. കേരളത്തിൽ പ്രളയത്തെ തുടർന്ന് കോഴിഫാമുകൾ മിക്കതും നശിച്ചതോടെ സംസ്ഥാനത്ത് കോഴികൾക്ക് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങി.
തമിഴ്നാട്ടിൽ നിന്നും വരുന്ന ഇറച്ചിക്കോഴിയുടെ വരവ് കുറഞ്ഞതും കേരളത്തിൽ കോഴിവില അഞ്ചുദിവസത്തിനകം പത്തുമുതൽ 50 രൂപ വരെ വർധിക്കുന്നതിന് കാരണമായതായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ പ്രളയത്തിൽ കോഴിഫാമുകൾക്കുണ്ടായ നാശനഷ്ടം 500 കോടിക്ക് മുകളിലാണെന്നാണ്് പൗൾട്രി ഫൗണ്ടേഷന്റെ കണക്ക്.
പെരുന്നാൾ, വിവാഹം എന്നിവയുടെ സീസണായതോടെ കോഴിയിറച്ചിക്ക് ഡിമാന്റ് കൂടിയിട്ടുണ്ട്. ഇതും വിലവർധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നു. കേരളത്തിൽ കോഴിഫാമുകൾ വ്യാപകമായി നല്ല രീതിയലിൽ ഉത്പാദനം നടത്തി തമിഴ്നാട് ലോബിക്ക് കനത്ത തിരിച്ചടി നൽകുന്നതിനിടെയാണ് പ്രളയം എല്ലാം കീഴ്മേൽ മറിച്ചത്. ഇപ്പോൾ വീണ്ടും തമിഴ്നാടിനെ കോഴിയിറച്ചിക്ക് വേണ്ടി ആശ്രയിക്കേണ്ട സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
എന്നാൽ തമിഴ്നാട്ടിൽ നിന്നും കോഴിവരവ് കുറഞ്ഞതോടെയാണ് സംസ്ഥാനത്ത് കോഴിവില കുതിച്ചുകയറിക്കൊണ്ടിരിക്കുന്നത്. തമിഴ്നാട്ടിൽ ഇറച്ചിക്കോഴി ലഭ്യത കുറഞ്ഞിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. കൃത്രിമ ക്ഷാമമുണ്ടാക്കി തമിഴ്നാട് വില വർധിപ്പിക്കാൻ ശ്രമം നടത്തുകയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. നൂറിനും നൂറ്റന്പതിനുമിടയിൽ കോഴിവണ്ടികൾ വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ പകുതിയോളം വണ്ടികൾ പോലും എത്തുന്നില്ല.
തമിഴ്നാടിന് പുറമെ ആന്ധ്രയിൽ നിന്നും കോഴികൾ സംസ്ഥാനത്ത് എത്താറുണ്ട്.ഒരു മാസം മുൻപ് കിലോയ്ക്ക് 90 രൂപ വിലയുണ്ടായിരുന്നിടത്താണ് ഇപ്പോൾ 150 രൂപയോളം വില വന്നിരിക്കുന്നത്.