കാട്ടാക്കട: വീട്ടിൽ കയറി വീട്ടമ്മ യെ ആക്രമിക്കുകയും മാനഹാനി വരുത്തുകയും ചെയ്ത പ്രതിയെ കോട്ടൂർ വനത്തിലെ ഒളിവ് കേന്ദ്രത്തിൽ നിന്നും നെയ്യാർഡാം പോലീസ് പിടികൂടി. കോട്ടൂർ നെല്ലികുന്ന് കോളനിയിലുള്ള ഇപ്പോൾ മുണ്ടണി നട ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന കോഴി സുര എന്നു വിളിക്കുന്ന സുരേഷ്കുമാറിനെ( 38) യാണ് നെയ്യാർഡാം എസ്ഐ സതീഷ്കുമാറിന്റെ നേത്യത്വത്തിലുള്ള സംഘം പിടികൂടിയത്.
സ്ത്രീകളെ ആക്രമിച്ചത് ഉൾപ്പടെ എട്ടോളം കേസുകളിലെ പിടികിട്ടാപ്പുള്ളിയാണ് അറസ്റ്റിലായത്. ഫെബ്രുവരി 18 ന് കോട്ടൂർ വട്ടകരിക്കകം സ്വദേശിനിയായ സ്ത്രീയെ വീട്ടിൽകയറി ദേഹോപദ്രവമേൽപ്പിച്ചതാണ് ഏറ്റവും പുതിയ കേസ്. സംഭവത്തിനുശേഷം ഒളിവിൽപോയ പ്രതി വനത്തിൽ താവളമുറപ്പിച്ചിരിക്കുകയായിരുന്നു. സിഐ അനിൽകുമാറിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് നെയ്യാർഡാം പോലീസ് റെയിഡിൽ പിടികൂടിയത്.
നെയ്യാർഡാം പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി വാറണ്ട് കേസിലെ പ്രതിയായ ഇയാൾ വർഷങ്ങളായി പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴിയുകയാണ്. അനധികൃതമായി ചാരായം കൈവശം വച്ച് വിൽപ്പന നടത്തിയതിനും അയൽവാസിയെ തലയ്ക്കടിച്ച് കൊലപാതകശ്രമം നടത്തിയതും ഉൾപ്പടെ ഇയാൾക്കെതിരെ ഏട്ടോളം കേസുകളിലെ പ്രതിയാണ്. സിപിഒമാരായ വിജയൻ, രഞ്ജിത്ത്, പ്രമോദ്, സജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.