മൂവാറ്റുപുഴ: കോഴി കർഷകരേയും വ്യാപാരികളേയും കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിപ്പ് നടത്തിവന്ന അഞ്ചംഗ സംഘത്തെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു.
ചാവക്കാട് വലപ്പാട് റംജിത് മൻസിലിൽ ഖാലിദ് (62), മകൻ നസീർ (40), മലയാറ്റൂർ ഇല്ലിത്തോട് കുരുപ്പത്തടത്തിൽ അനന്തു (22), ചൂണ്ടി കോന്പാറ സ്വദേശികളായ ചാലയിൽ അഫ്സൽ (30), വള്ളോപ്പിള്ളിൽ സബിൽ (28) എന്നിവരാണ് പോലീസ് പിടിയിലായത്.
രാത്രിയിൽ ഫാമുകളിൽനിന്നും കോഴി വാങ്ങുന്നതിനിടെയാണ് തൂക്കത്തിൽ തിരിമറി നടത്തുന്നത്. വിവിധ ഫാമുകളിൽ നിന്നും കോഴി വാങ്ങി ചില്ലറ വ്യാപാരികൾക്കും ഹോട്ടലുകൾക്കും വിൽപന നടത്തിയിരുന്നത് സംഘമായിരുന്നു.
ഒന്നിലധികം വാഹനങ്ങളുമായെത്തി കൃത്രിമ തിരക്കുണ്ടാക്കി തൂക്കത്തിൽ വെട്ടിപ്പുണ്ടാക്കുകയായിരുന്നു ഇവരുടെ രീതിയെന്ന് പോലീസ് പറഞ്ഞു. തൂക്കത്തിൽ സംശയം തോന്നിയിരുന്ന പായിപ്ര സൊസൈറ്റിപ്പടിയിലുള്ള കർഷകൻ ഷാഫി സിസിടിവിയിൽ തട്ടിപ്പ് വ്യക്തമായതോടെ പോലീസിന് വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലീസ് സംഘത്തെ പിടികൂടി. വിവിധ കോഴി ഫാമുകളിൽ വ്യാപകമായി തട്ടിപ്പ് നടന്നിട്ടുണ്ടെന്നും അന്വേഷണം ഉൗർജിതമാക്കിയിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.