കോട്ടയം: കോഴിയുടെ പേരിൽ വൻ തട്ടിപ്പ്. മുട്ടക്കോഴിയെ വാങ്ങിയാൽ മൂന്നു വർഷം തീറ്റ ഫ്രീ. കോഴിക്കൂടിന് സബ്സിഡി. സംഗതി കേട്ടവർ അൻപതും നൂറു കോഴികളെ വാങ്ങി. കോഴിക്കൂടിനും തീറ്റയ്ക്കുമായി കാത്തിരിപ്പാണ്. അമയന്നൂർ, തിരുവഞ്ചൂർ , നീറിക്കാട് പ്രദേശത്തുള്ളവരാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ദിവസം ഇവിടങ്ങളിലെ വീടുകളിൽ ഒരു സ്ത്രീയും പുരുഷനും എത്തി.
സർക്കാർ കോഴി വളർത്തൽ കേന്ദ്രത്തിൽനിന്നാണ് എന്നു പരിചയപ്പെടുത്തി. മുട്ടക്കോഴി ഒന്നിന് 130 രൂപ വിലയ്ക്ക് വാങ്ങിയാൽ മൂന്നു വർഷം കോഴിത്തീറ്റ ഫ്രീ. പതിനായിരവും ഇരുപതിനായിരവും ചെലവാകുന്ന വലിയ കോഴിക്കൂടിന് 1800 രൂപ. ബിപിഎൽ ആണെങ്കിൽ ആയിരം നല്കിയാൽ മതി. മോഹന വാഗ്ദാനങ്ങൾ കേട്ട് ഗ്രാമീണർ മയങ്ങി.
ആദ്യദിനം ഓർഡർ ശേഖരിച്ചു. പിറ്റേന്ന് ഓട്ടോറിക്ഷയിൽ കോഴിയുമായെത്തി.
കോഴിയെ നല്കി പണം വാങ്ങി. കോഴിക്കൂടും കോഴിത്തീറ്റയും പിന്നാലെ വണ്ടിയിൽ വരുന്നുണ്ടെന്നു പറഞ്ഞായിരുന്നു കോഴി വിതരണം. അൻപതും നൂറും കോഴികളെ വാങ്ങിയവരുണ്ട്. ഒരോരുത്തർക്കും ഓരോ ചാക്ക് കോഴിതീറ്റ ഫ്രീയായി നല്കുന്നത് പുറകെ വണ്ടിയിൽ വരുമെന്നായിരുന്നു അറിയിപ്പ്. കോഴിക്കൂട് പല കഷണങ്ങളാണെന്നും ഓരോ വീട്ടിലും അത് ഘടിപ്പിക്കുന്നതിന് സമയമെടുക്കുമെന്നും അറിയിച്ച് കോഴിയെ നല്കിയവർ മടങ്ങി.
വീട്ടുകാർ ദിവസങ്ങൾ കാത്തിരുന്നിട്ടും കോഴിത്തീറ്റയും കോഴിക്കൂടും എത്തിയില്ല. കോഴിയുമായി വന്നവർ നല്കിയ ഫോണിൽ വിളിച്ചപ്പോൾ എടുക്കുന്നില്ല. കോഴിയുമായി വന്ന ഓട്ടോറിക്ഷയുടെ നന്പർ അന്വേഷിച്ചപ്പോൾ അത് ഒരു കൈനറ്റിക് ഹോണ്ടയുടെ നന്പരാണെന്നു കണ്ടെത്തി. ഇതോടെ തട്ടിപ്പിനിരയായവർ അയർക്കുന്നം പോലീസിൽ പരാതി നല്കി. നൂറു രൂപയിൽ താഴെ വിലയുള്ള കോഴികളെയാണ് 130 രൂപയ്ക്ക് നല്കിയതെന്നു പറയുന്നു.
മുട്ടക്കോഴിയെന്നു പറഞ്ഞു നല്കിയവയിൽ പകുതിയും പൂവൻ കോഴിയായിരുന്നു. സ്വകാര്യ കോഴി വിൽപ്പന സംഘമാണ് തട്ടിപ്പിനു പിന്നിലെന്നു കരുതുന്നതായി നാട്ടുകാർ പറയുന്നു. അമയന്നൂർ സ്പിന്നിംഗ് മില്ലിന് സമീപത്തെ വീടുകളിലും നീറിക്കാട് അയ്യൻകോയിക്കൽ ക്ഷേത്രത്തിനു സമീപമുള്ള വീടുകളിലുമാണ് ഏറ്റവുമധികം കോഴികളെ വാങ്ങിയത്. കോഴിക്കൂടും കോഴിത്തീറ്റയും കിട്ടുമെന്നു കരുതിയാണ് പലരും കോഴിക്കച്ചവടക്കാരുടെ വലയിൽ വീണത്.