മാനന്തവാടി: നഗരത്തിൽ ഉപഭോക്താക്കളിൽ നിന്നും അമിതവില ഈടാക്കി കോഴിയിറച്ചി വിൽപ്പന നടത്തുന്നു. ജില്ലയിൽ തന്നെ ഏറ്റവും ഉയർന്നവിലക്കാണ് നഗരത്തിൽ കോഴിവിൽപ്പന. താലൂക്കിലെ മറ്റിടങ്ങളെ അപേക്ഷിച്ച് കിലോഗ്രാമിന് അന്പത് മുതൽ എഴുപത് രൂപ വരെ ഉയർന്ന വിലയ്ക്കാണ് ടൗണിൽ കോഴിവിൽപ്പന നടത്തുന്നത്.
താലൂക്കിലെ മുഴുവൻ കോഴിക്കടകളിലും ഒരേവിലക്കാണ് കർണ്ണാടകയിലെയും ജില്ലയിലെയും കോഴിഫാമുകളിൽ നിന്നും കോഴികളെ വിതരണക്കാർ എത്തിച്ചു നൽകുന്നത്. ഇന്നലെ കിലോക്ക് എഴുപത് രൂപാനിരക്കിലാണ് കോഴികളെ കടകളിൽ നൽകിയതെന്ന് തരുവണയിലെ വ്യാപാരികൾ പറയുന്നു.
എന്നാൽ തരുവണയിൽ ഇന്നലെ കോഴിഇറച്ചി 110 രൂപക്ക് വിൽപ്പന നടത്തിയപ്പോൾ മാനന്തവാടിയിൽ 150മുതൽ 170 രൂപ വരെ വിലയ്ക്കാണ് വിൽപ്പന നടത്തിയത്. തൊട്ടടുത്ത എടവകയിലെ രണ്ടെനാൽ, തോണിച്ചാൽ നാലാംമൈൽ തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നലെ 120 രൂപക്കായിരുന്നു കോഴിയിറച്ചി വിൽപ്പന. കഴിഞ്ഞ ദിവസങ്ങളിൽ 100 രൂപക്ക് തരുവണയിൽ കോഴിയിറച്ചി വിൽപ്പന നടത്തിയപ്പോൾ മാനന്തവാടിയിലെ വില 180 ആയിരുന്നു.
നഗരത്തിലെ കോഴിവിൽപ്പനക്കാർ ഗുണഭോക്താക്കളിൽ നിന്നും അമിതമായി വില ഈടാക്കുന്നതായി പരാതി ഉയർന്നെങ്കിലും മുനിസിപ്പാലിറ്റിയോ സിവിൽ സപ്ലൈസ് വിഭാഗമോ ഈ വിഷയത്തിൽ ഇടപെട്ടിട്ടില്ല. മിക്ക കടകളിലും വിലയറിയിക്കുന്ന ബോർഡുകൾ പോലും വെച്ചിട്ടില്ല. മുനിസിപ്പാലിറ്റിയിലെ ചിലരുടെ പിൻബലമാണ് നഗരത്തിലെ കോഴിക്കച്ചവടക്കാർക്ക് അമിത വിലയീടാക്കുന്നതിന് സഹായമാവുന്നതെന്നും പരാതിയുണ്ട്.