തുറവൂർ: ജനവാസ കേന്ദ്രത്തിലെ പൊതുതോട്ടിൽ കോഴിക്കടയിലെ മാലിന്യം തള്ളി. തുറവുർ പഞ്ചായത്ത് ഒന്നാം വാർഡിൽ പള്ളിത്തോട് വാലയിൽ പ്രദേശത്തെ പൊതുതോട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി കോഴി ഇറച്ചി വില്പനശാലയിലെ അവശിഷ്ടങ്ങൾ പ്ലാസ്റ്റിക് ചാക്കിൽകെട്ടി തള്ളിയത്. ഇതു ചീഞ്ഞുള്ള ദുർഗന്ധം മൂലം പ്രദേശവാസികൾക്ക് ജീവിക്കുവാൻ സാധിക്കാത്ത അവസ്ഥയാണ്. പള്ളിത്തോട് പൊഴിച്ചാൽ റോഡുമുക്ക് കാക്കശേരി പൊഴിച്ചാൽതോട് മാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
തോടിന്റെ വശങ്ങളിൽ താമസിക്കുന്നവർ കൈയേറിയതുമൂലം തോട്ടിലെ ഒഴുക്കു നിലച്ചു. ആറുമീറ്റർ വീതിയുണ്ടായിരുന്ന തോട് നിലവിൽ ചില സ്ഥലങ്ങളിൽ ഒരുമീറ്റർ വീതി പോലും ഇല്ല. നാട്ടുകാർ നിരവധി തവണ തുറവുർ പഞ്ചായത്ത് അധികൃതർക്കു പരാതി നൽകിയിട്ടും യാതൊരു നടപടിയും എടുക്കുന്നില്ല എന്ന മാത്രമല്ല തോടു കൈയേറ്റവും മാലിന്യം തള്ളലും ഇപ്പോഴും തുടരുകയാണ്.
ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് തോടു കൈയേറ്റം ഒഴിപ്പിച്ച് ഈ തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ജനങ്ങളുടെ ദുരിതത്തിനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ജനങ്ങൾ സമരത്തിനു തയാറെടുക്കുകയാണ്.