ദിണ്ഡുക്കൽ: ഒരു പൂവൻ കോഴിക്ക് വില വെറും ഒന്നരലക്ഷം രൂപ. ദിണ്ഡുക്കൽ ജില്ലയിലെ വടമധുരക്ക് സമീപം അയ്യലൂരിൽ നടന്ന കിളിമൂക്ക് പ്രദർശനത്തിലാണ് ഈ വില പറഞ്ഞത്. എന്നിട്ടും ഉടമസ്ഥൻ കോഴിയെ വിൽക്കാൻ തയാറായില്ല എന്നതാണ് കൗതുകകരം. വിശറിപോലെ വാലുള്ള കോഴികളുടെ പ്രദർശനമാണ് കിളിമൂക്ക്.
നത്തം ഗാന്ധി എന്നയാളുടെ പൂവൻകോഴിയെ ഒന്നരലക്ഷം രൂപ വിലയ്ക്ക് വാങ്ങുവാനാണ് ആളെത്തിയത്. മയിൽ വിഭാഗത്തിൽപെടുന്നതായിരുന്നു ഈ പൂവൻകോഴി. കോമപ്പെട്ടി ചിന്നപ്പൻ എന്നയാളിൽനിന്ന് മാസങ്ങൾക്കുമുൻപ് 90000 രൂപയ്ക്കാണ് നത്തം ഗാന്ധി കോഴിയെ വാങ്ങിയത്.
കഴിഞ്ഞവർഷം നടന്ന പ്രദർശനത്തിൽ ഒന്നര ലക്ഷം രൂപയ്ക്ക് ബംഗളുരു സ്വദേശി വാങ്ങിയ മയിൽ ഇനത്തിൽപെട്ട കോഴിയെ മൂന്നുലക്ഷം രൂപയ്ക്ക് ഒമാൻ സ്വദേശിക്ക് മറിച്ചുവിറ്റിരുന്നു.
അന്യംനിന്നുപോകുന്ന പാരന്പര്യ പൂവൻ കോഴി ഇനങ്ങളെ സംരക്ഷിക്കുന്നതിനാണ് പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നത്. തമിഴ്നാട് അസീൽ ഓർഗനൈസേഷനാണ് സംഘാടകർ. അയ്യല്ലൂരിൽ രണ്ടാംവർഷമാണ് പ്രദർശനമേള സംഘടിപ്പിക്കുന്നത്.
കേരള, തമിഴ്നാട്, ആന്ധ്രപ്രദേശ്, ഒറീസ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽനിന്നുമാണ് ഇത്തവണ കോഴികളെ പ്രദർശനത്തിനായി എത്തിച്ചത്. കീരി, മയിൽ, കൊക്കുവെള്ള, എണ്ണക്കറുപ്പ്, കാകം തുടങ്ങി വിവിധ ഇനങ്ങളിലുള്ള 452 പൂവൻകോഴികളെ പ്രദർശനത്തിൽ പങ്കെടുപ്പിച്ചു. മികച്ച പൂവൻകോഴികൾക്ക് സ്വർണനാണയങ്ങൾ, വെള്ളിനാണയങ്ങൾ എന്നിവ സമ്മാനമായി ലഭിച്ചു.