മുക്കം: കാലവർഷത്തിൽ വീടിനോട് ചേർന്ന് ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യാൻ വൻതുക റോയൽറ്റി നൽകണമെന്ന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്. കൊടിയത്തൂർ പഞ്ചായത്തിലെ പന്നിക്കോട് കൊളക്കാടൻ സാദിഖലി, പരപ്പിൽ അപ്പുണ്ണി എന്നിവരാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ നിലപാട് കാരണം മണ്ണ് നീക്കം ചെയ്യാനാവാതെ ദുരിതത്തിലായത്.
2018 ജൂൺ 24നാണ് ഇവരുടെ വീടുകളിലേക്ക് ഉയരം കൂടിയ മൺതിട്ട ഇടിഞ്ഞു വീണത്. വൻ തോതിൽ കൃഷി നാശവും നേരിട്ടു. മണ്ണ് നീക്കം ചെയ്യാനും ഇനിയും മൺതിട്ട വീടിന് മുകളിൽ പതിക്കുന്നത് ഒഴിവാക്കാനും നടപടിയാവശ്യപ്പെട്ട് ഇരുവരും തൊട്ടടുത്ത ദിവസം കളക്ടർക്ക് അപേക്ഷ നൽകിയിരുന്നു.
തുടർന്ന് റവന്യു ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ അപകടം നടന്ന് ആറ് മാസം കഴിഞ്ഞ് ജനുവരി 11നാണ് ജില്ലാ ജിയോളജിസ്റ്റ് സ്ഥലപരിശോധന നടത്തിയത്. തുടർന്ന് ജനുവരി 14ന് അദ്ദേഹം ഇറക്കിയ ഉത്തരവ് പ്രകാരം 300 ലോഡ് മണ്ണ് നീക്കം ചെയ്യാൻ 30,000 രൂപ റോയൽറ്റി അടയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.
കുന്ന് ഇടിച്ചു മണ്ണ് നീക്കം ചെയ്യലും വയൽ നികത്തലും പാറപൊട്ടിക്കലുമെല്ലാം നിർബാധം നടക്കുമ്പോഴാണ് വീടുകളുടെ നിലനിൽപ്പിന് ഭീഷണിയായി ഇടിഞ്ഞു വീണ മണ്ണ് നീക്കം ചെയ്യാൻ പിഴ ഒടുക്കണമെന്ന വിചിത്ര നിലപാട്.
ഇവർ വീണ്ടും കളക്ടർക്ക് പരാതി നൽകി.