കോഴിക്കോട്: ഗോഡ്സെയെ പ്രകീർത്തിച്ച കോഴിക്കോട് എൻഐടി അധ്യാപിക ഷൈജ ആണ്ടവനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം ശക്തം. ഇതിനിടെ എസ്എഫ്ഐ പ്രവർത്തകർ കോളജിൽ ‘ഗോഡ്സെ ഇന്ത്യയിലെ ആദ്യ തീവ്രവാദിയെന്ന ബാനർ തൂക്കി. എസ്എഫ്ഐ കോഴിക്കോട് എന്ന പേരിലാണ് എൻഐടിയിൽ ബാനർ സ്ഥാപിച്ചത്.
കഴിഞ്ഞദിവസമായിരുന്നു ഷൈജ ആണ്ടവന്റെ വിവാദ പരാമര്‍ശം. ഗോഡ്സെ ഒരുപാട് പേരുടെ ഹീറോ ആണെന്ന കൃഷ്ണരാജ് എന്നയാളുടെ ഫേസ്ബുക്ക് പരാമര്‍ശത്തെ പിന്തുണച്ച് ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതില്‍ അഭിമാനമുണ്ടെന്നായിരുന്നു ഷൈജ ആണ്ടവന് കമന്റിട്ടത്.
സംഭവത്തിൽ എസ്എഫ്ഐ ഏരിയ സെക്രട്ടറി നൽകിയ പരാതിയിൽ കുന്ദമംഗലം പോലീസ് അധ്യാപികയ്ക്കെതിരേ കേസെടുത്തിരുന്നു.
അതേസമയം ഷൈജ ആണ്ടവന്റെ ചാത്തമംഗലത്തെ വീടിന് മുമ്പിൽ ഡിവൈഎഫ്ഐ ചാത്തമംഗലം മേഖല കമ്മറ്റി ഫ്ളക്സ് സ്ഥാപിച്ച് പ്രതിഷേധിച്ചു. ‘ഇന്ത്യ ഗോഡ്സെയുടേതല്ല മാഡം, ഗാന്ധിയുടെതാണ്’ എന്നാണ് ഫ്ലക്സിൽ എഴുതിയിരിക്കുന്നത്.