വടകര: കഴിഞ്ഞ ദിവസം ചോറോട് കക്കാട്ടെ യുവാക്കളെ കെട്ടിയിട്ട് ക്രൂരമായി മർദിച്ച സംഭവത്തിൽ ജനരോഷം ഉയരുന്നു. അക്രമിസംഘം ഇവരോട് ചെയ്ത ക്രൂരത കടുത്ത പ്രതിഷേധമായി പടരുകയാണ്. ഞെട്ടിപ്പിക്കുന്ന സംഭവമാണ് അന്നു നടന്നതെന്ന് പറയുന്നു. ശക്തമായ നടപടി വേണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഒപ്പുശേഖരണം നടത്തുകയാണ്.
ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെയാണ് സുഹൃത്തുക്കളെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ട് പോയി മർദിച്ചത്. പെണ്കുട്ടിയുമായുള്ള പ്രണയത്തിന്റെ പേരിൽ താലിബാനെ പോലും നാണിപ്പിക്കുന്ന ക്രൂരതയാണ് ഇവരോട് കാണിച്ചത്. മരത്തിൽ കെട്ടിയിട്ട് ദേഹമാസകലം തല്ലിയതിനു പുറമെ ഇരുവരെയും പൂർണനഗ്നരായി നിർത്തുകയുണ്ടായി. മാത്രമല്ല പ്രകൃതിവിരുദ്ധവേഴ്ചകൾ നടത്തിക്കുകയും ചെയ്തു. ഇക്കാര്യം ഇവർ ആദ്യമൊന്നും പറയാൻ കൂട്ടാക്കിയിരുന്നില്ല.
നഗ്നരായി നിൽക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വന്നതോടെയാണ് വിഷയത്തിന്റെ കിടപ്പ് പുറംലോകമറിയുന്നത്. ഇത്രയും ഹീനമായി പ്രവർത്തിച്ച അക്രമി സംഘത്തെ വെറുതെ വിടരരുതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സംഭവത്തിനു ശേഷം പ്രതികൾ മുങ്ങിയിരിക്കുകയാണ്.
കക്കാട്ട് നജാഫ്, മീത്തലങ്ങാടിയിലെ റയീസ് എന്ന മൊയ്തീൻ, അഫ്നാസ് താഴത്ത്, അഴിത്തല സ്വദേശികളായ ഷംമാദ്, അജ്നാസ് എന്നിവരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചേർത്താണ് കേസ്. നജാഫിന്റെ നേതൃത്വത്തിലാണ് ഇവർ കക്കാട്ടെ റാഷിദിനും ഫാജിസിനുമെതിരെ ഹീനമായ ആക്രമണം നടത്തിയത്. ഇരുന്പ് വടിയും പട്ടികയും ഉപയോഗിച്ച് ഇരുവരേയും തല്ലിച്ചതക്കുകയായിരുന്നു.
ഒളിവിൽ പോയ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പോലീസിന്റെ ഭാഗത്ത് നിന്ന് ശക്തമായ നടപടി ഉണ്ടാകുന്നില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോണുകൾ ഇപ്പോഴും സജീവമായിട്ടും പിടികൂടാത്തതെന്താണെന്നാണ് നാട്ടുകാരുടെ ചോദ്യം.
പ്രതികളെ തേടി പോലീസ് വീടുകളിൽ പരിശോധന നടത്തുകയുണ്ടായി. ഇവരിൽ ഒരു ബന്ധുവിനെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തപ്പോൾ പ്രമുഖ പ്രതിപക്ഷപാർട്ടി നേതാവ് ഇടപെട്ട് മോചിപ്പിച്ചതായി നാട്ടിൽ സംസാരമുണ്ട്. ഹീനമായ പ്രവൃത്തി ചെയ്തവരോട് അയഞ്ഞ സമീപനം സ്വീകരിക്കുന്നതെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.