പേരാമ്പ്ര: ആർഡിഒയുടെ നേതൃത്വത്തിൽ നടത്തിയ സമാധാന ചർച്ചകളുടെ ചൂടാറും മുമ്പുതന്നെ പേരാമ്പ്ര മേഖലയിൽ വീണ്ടും വീടിനുനേരെ ബോംബേറ്.സിപിഎം പ്രവർത്തകൻ എരവട്ടൂർ വേട്ടുവൻ കണ്ടിമീത്തൽ ശ്രീധരന്റെ വീടിനാണു ഇന്നു പുലർച്ചെ ഒന്നേ കാലോടെ ഉഗ്രശേഷിയുള്ള ബോംബെറിഞ്ഞത്.
ജനൽ ചില്ലും വാതിലും കോൺക്രീറ്റ് സീലിംഗും തകർന്നു. ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും അടുക്കള വരെ ബോംബിൻ ഭാഗങ്ങൾ തെറിച്ചെത്തിയിട്ടുണ്ട്. ബൈക്കിലെത്തിയ സംഘമാണു ബോംബെറിഞ്ഞതെന്നു വീട്ടുകാർ അറിയിച്ചു.
പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി രാത്രി തന്നെ അന്വേഷണം ആരംഭിച്ചു. ശ്രീധരന്റെ മകൻ ശ്രീശാന്ത് ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ടു മൂന്നു മാസം മുമ്പ് ബിജെപി യിൽ ചേർന്നിരുന്നു. ബോംബെറിഞ്ഞ വീട്ടിലാണ് താമസം. മറ്റൊരു മകൻ മിലിട്ടറിയിലാണ്.