കോഴിക്കോട് : ഒരു കുടുംബത്തിലെ റിട്ട. ദന്പതികളടക്കം ആറുപേരുടെ ദുരൂഹമരണം കൊലപാതകമാണെന്നു സൂചന. 16 വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതും പിന്നാലെ അഞ്ചു വര്‍ഷങ്ങളുടെ ഇടവേളകളിലുണ്ടായ ബന്ധുക്കളുടെ മരണമാണ് ആസൂത്രിതമായ കൊലപാതകമാണെന്നു ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വിവിധ കാലഘട്ടങ്ങളിലായി സംസ്കരിച്ച മൃതദേഹങ്ങള്‍ വീണ്ടും പുറത്തെടുത്ത് ഫോറന്‍സിക് സയന്റിഫിക് വിഭാഗം വിദഗ്ധര്‍ നാളെ പരിശോധന നടത്തും.
മണ്ണില്‍ ദ്രവിക്കാതെയുള്ള പല്ല്, എല്ല് എന്നിവയാണു പരിശോധിക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കൂടത്തായി പള്ളി അധികൃതരെ ബന്ധപ്പെട്ട് സെമിത്തേരിയിലെ കല്ലറ പൊളിക്കാനും മൃതദേഹം പുറത്തെടുക്കാനുമുള്ള അനുവാദം വാങ്ങിയിട്ടുണ്ട്.
കോഴിക്കോട് ക്രൈംബ്രാഞ്ച് യൂണിറ്റ് ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലാണ് പതിനഞ്ചംഗ സംഘം അന്വേഷണം നടത്തുന്നത് . മരിച്ച ദമ്പതികളുടെ മകൻ അമേരിക്കയില്‍ ജോലിയുള്ള റോജോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണു മരണങ്ങള്‍ക്കു പിന്നിലെ ദുരൂഹതകൾ ശാസ്ത്രീയമായി അന്വേഷിക്കുന്നത്.
നിർണായകമായ പല തെളിവുകളും ക്രൈംബ്രാഞ്ച് ഇതിനകം ശേഖരിച്ചതായി അറിയുന്നു. റിട്ട.വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായി അന്നമ്മ, മകന് റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരൻ പുലിക്കയം സ്വദേശി റിട്ട. അധ്യാപകനായ സക്കറിയയുടെ മകന് ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ പത്തു മാസം പ്രായമുള്ള കുഞ്ഞ് അൽഫോൻസ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ പല കാലയളവിലായി മരിച്ചത്.
മരണങ്ങൾ ഇങ്ങനെ…
2002 ലാണ് കേസിനാസ്പദമായ ആദ്യ മരണം. അന്നമ്മയായിരുന്നു ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതിനു ശേഷം കുഴഞ്ഞു വീണാണ് അന്നമ്മ മരിച്ചത്. അസ്വാഭാവികതയൊന്നും ആര്‍ക്കും തോന്നിയിരുന്നില്ല. പിന്നീട് ഒരു വർഷത്തിനു ശേഷം ടോം തോമസും മരിച്ചു. ഛർദിച്ച് അവശനായായിരുന്നു ടോമിന്റെ മരണം. വീണ്ടും ഒരു വര്‍ഷത്തിനു ശേഷമാണ് മകൻ റോയ് മരിച്ചത്. തൊട്ടുപിന്നാലെ തന്നെ മാത്യുവും മരിച്ചു. പിന്നീടാണ് ഷാജുവിന്റെ മകന് പത്തു മാസം പ്രായമായ കുഞ്ഞും ആറു മാസത്തിനു ശേഷം അമ്മ സിലിയും മരിക്കുന്നത്. മരണങ്ങളില്‍ പലതും പെട്ടെന്നു കുഴഞ്ഞുവീണായിരുന്നു. അതിനാല്‍ ഹൃദയാഘാതമാണെന്ന സംശയമായിരുന്നു ബന്ധുക്കള്‍ക്കുള്ളത്.
സംശയമുന ഒരാളിലേക്ക്
ഒരു കുടുംബത്തിലെ റിട്ട. ദന്പതികളടക്കം ആറുപേരുടെ ദുരൂഹ മരണത്തിൽ സംശയമുന ഒരാളിലേക്കെന്നു സൂചന. റോയിയുടെ മരണശേഷം പിതാവിന്റെ പേരിലുള്ള സ്വത്ത് റോയിയുടെ കുടുംബത്തിനു നൽകരുതെന്ന് അമ്മാവനായ മാത്യു മഞ്ചാടിയിൽ ബന്ധുക്കളോടു പറഞ്ഞിരുന്നതായും ഇതിനു ശേഷമാണ് അദ്ദേഹം ദുരൂഹ സാഹചര്യത്തിൽ മരിച്ചതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
മരിച്ച അന്നമ്മ ഏകമകളുടെ വിവാഹത്തിനായി കരുതിവച്ച ആഭരണങ്ങളിൽ ഒരു പവൻ വീതമുള്ള എട്ട് വളകള്‍ കാണാതായതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള ആരുടെയോ ശ്രമമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് ക്രൈബ്രാഞ്ചിന്റെ നിഗമനം.
അതേസമയം, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സാഹചര്യത്തെളിവുകളെല്ലാം സംശയത്തിന്റെ നിഴലിലുള്ള ഒരാൾക്കെതിരാണെന്ന് അറിയുന്നു. ഇവരിപ്പോള്‍ പോലീസിന്റെ നിരീക്ഷണത്തിലാണുള്ളത്. സയനൈഡ് കഴിച്ചാണെങ്കില്‍ പല്ലില്‍ പറ്റിയ അംശം വര്‍ഷങ്ങള്‍ കഴിഞ്ഞാലും നശിക്കില്ലെന്നാണു ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത്. ആറിൽ നാലുപേരെ സംസ്കരിച്ചതു കൂടത്തായി സെമിത്തേരിയിലും രണ്ടുപേരെ കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ്.