കോഴിക്കോട് : ഒരു കുടുംബത്തിലെ റിട്ട.ദന്പതികളടക്കം ആറുപേരുടെ ദുരൂഹ മരണം കൊലപാതകമാണെന്ന് സൂചന. 16 വര്‍ഷം മുമ്പുള്ളതും പിന്നാലെ ഏതാനും വര്‍ഷങ്ങളുടെ ഇടവേളകളിലുണ്ടായ ബന്ധുക്കളുടെ മരണങ്ങളുമാണ് ആസൂത്രിതമായ കൊലപാതകമാണെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി വിവിധ കാലഘട്ടങ്ങളിലായി സംസ്കരിച്ച മൃതദേഹങ്ങള്‍ നാളെ വീണ്ടും പുറത്തെടുത്ത് ഫോറന്‍സിക് സയന്റിഫിക് വിഭാഗം വിദഗ്ധര്‍ പരിശോധന നടത്തും.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് കൂടത്തായി പള്ളി അധികൃതരെ ബന്ധപ്പെടുകയും സെമിത്തേരിയിലെ കല്ലറ പൊളിക്കുന്നതിനും മൃതദേഹം പുറത്തെടുക്കുന്നതിനുമുള്ള അനുമതി വാങ്ങുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട്ക്രൈംബ്രാഞ്ച് യൂണിറ്റ് ഡിവൈഎസ്പി ഹരിദാസിന്റെ നേതൃത്വത്തിലാണ് പതിനഞ്ചംഗ സംഘം അന്വേഷണം നടത്തുന്നത് . റൂറല്‍ എസ്പി കെ.ജി. സൈമണിന്റെ നേതൃത്വലുള്ള പോലീസ് സംഘം സെമിത്തേരിയിൽ പ്രത്യേക സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കും.
മണ്ണില്‍ ദ്രവിക്കാതെയുള്ള പല്ല്, എല്ലിന് കഷണങ്ങള്‍ എന്നിവയാണ് പരിശോധിക്കുന്നത്. മരിച്ച ദമ്പതികളുടെ മകൻ അമേരിക്കയില്‍ ജോലിയുള്ള റോജോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തിലാണ് മരണങ്ങള്‍ക്ക് പിന്നിലെ ദുരൂഹതകൾ ശാസ്ത്രീയമായി അന്വേഷിക്കുന്നത്. നിർണായകമായ പല തെളിവുകളും ക്രൈംബ്രാഞ്ച് ഇതിനകം ശേഖരിച്ചതായി അറിയുന്നു.
റിട്ട.വിദ്യഭ്യാസവകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട.അധ്യാപികയുമായ അന്നമ്മ, മകന് റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്‍, ടോം തോമസിന്റെ സഹോദരൻ പുലിക്കയം സ്വദേശി റിട്ട. അധ്യാപകനായ സക്കറിയയുടെ മകന് ഷാജുവിന്റെ ഭാര്യ സിലി , ഇവരുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് അൽഫോൻസ എന്നിവരാണ് ദുരൂഹ സാഹചര്യത്തിൽ പലകാലയളവിലായി മരിച്ചത്.
2002 ഓഗസ്റ്റ് 22 നാണ് കേസിനാസ്പദമായ ആദ്യ മരണം നടക്കുന്നത്. അന്നമ്മയായിരുന്നു ആദ്യം മരിച്ചത്. ആട്ടിന്‍സൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞു വീണാണ് അന്നമ്മ മരിച്ചത്. അസ്വാഭാവികതയൊന്നും ആര്‍ക്കും തോന്നിയിരുന്നില്ല. പിന്നീട് ആറുവർഷത്തിനുശേഷം 2008 ഓഗസ്റ്റ് 26ന് ടോംതോമസും മരിച്ചു. ഛർദ്ദിച്ച് അവശനായായിരുന്നു ടോമിന്റെ മരണം.
മൂന്നാം വർഷം 2011 സെപ്റ്റംബർ 30ന് മകൻ റോയ് തോമസും മരിച്ചു. തൊട്ടുപിന്നാലെ തന്നെ മാത്യുവും മരിച്ചു. പിന്നീടാണ് ഷാജുവിന്റെ മകൾ പത്ത് മാസം പ്രായമായ കുഞ്ഞും ആറ് മാസത്തിന് ശേഷം അമ്മ സിലിയും മരിക്കുന്നത്. മരണങ്ങളില്‍ പലതും പെട്ടെന്ന് കുഴഞ്ഞു വീണായിരുന്നു. അതിനാല്‍ ഹൃദയാഘാതമാണെന്ന സംശയമായിരുന്നു ബന്ധുക്കള്‍ക്കുള്ളത്.
ഭാര്യ സിലി മരിച്ച് അധികം വൈകാതെ റോയിയുടെ പിതൃസഹോദര പുത്രനായ പൊന്നാമറ്റത്തിൽ ഷാജു എന്ന അധ്യാപകനും , മരിച്ച റോയിയുടെ ഭാര്യയായ ഇടുക്കി സ്വദേശിനിയും തമ്മില്‍ വിവാഹിതരായി. ഇതിനിടെ റോയിയുടെ സഹോദരൻ അമേരിക്കയിലുള്ള റോജോ നാട്ടിലെത്തി.അപ്പോഴേക്കും പിതാവ് ടോംതോമസിന്റെ പേരിലുള്ള സ്വത്തുക്കളെല്ലാം മരിച്ച റോയിയുടെ ഭാര്യയുടെ പേരിലാക്കിയിരുന്നു.
ടോം തോമസ് തന്റെ പേരിൽ ഒസ്യത്ത് എഴുതിവച്ചിരുന്നുവെന്നാണ് ഷാജുവിന്റെ രണ്ടാം ഭാര്യയായ യുവതി ബന്ധുക്കളോടെല്ലാം പറഞ്ഞത്. എന്നാല്‍ റോജോ ഇക്കാര്യം വിശ്വസിച്ചില്ല. റവന്യൂഅധികൃതര്‍ക്കും മറ്റും പരാതി നല്‍കിയതോടെ അന്വേഷണം നടത്തി സ്വത്തുക്കള്‍ ടോം തോമസിന്റെ പേരിലാക്കി തിരിച്ചെഴുതി.
ഇതോടെ റോയിയുടെ ഭാര്യയും ഷാജുവിന്റെ രണ്ടാം ഭാര്യയുമായ യുവതി സംശയത്തിന്റെ നിഴലിലായി . സമാനസ്വഭാവമുള്ള മരണങ്ങളാണ് കുടുംബത്തിലുണ്ടായതെന്ന് അറിഞ്ഞതോടെ സംഭവത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്ന് റോജോ വിശ്വസിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. മരണസ്ഥലത്തെല്ലാം ഒരേ ആളുടെ സാന്നിധ്യമുണ്ടായിരുന്നതും സംശയം ബലപ്പെട്ടു. ഇക്കാര്യങ്ങളെല്ലാം റോജോ പോലീസുകാരോടും പറഞ്ഞിരുന്നു. വീട്ടിലെത്തിയ റോയി ഭക്ഷണം കഴിക്കുന്നതിനു മുന്‍പായി ബാത്റൂമിൽ പോയെന്നും അവിടെവച്ചു ബോധംകെട്ടെന്നുമാണ് ഭാര്യ ആദ്യം പോലീസിനു മൊഴി നൽകിയത്.
എന്നാൽ മരിക്കുന്നതിന് 15 മിനിട്ടുമുന്പ് റോയി ചോറും കടലക്കറിയും കഴിച്ചതായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. പിറ്റേന്ന് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് ഉള്ളിൽ സയനൈഡിന്റെ അംശം കണ്ടെത്തിയത്. ഇതുപക്ഷെ ഭാര്യയും മറ്റും പുറത്തുവിടാതെ രഹസ്യമാക്കി വച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിനു മുൻപായി കൂടത്തായിയിലെ കുടുംബക്കല്ലറയിൽ സംസ്കാരം നടന്നിരുന്നു.
റോജോയുടെ പരാതിയെ തുടര്‍ന്ന് രഹസ്യാന്വേഷണ വിഭാഗം വിശദമായി അന്വേഷിക്കുകയും മരണങ്ങളെല്ലാം കൊലപാതകമാവാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടും നല്കി. ഇതോടെ ലോക്കല്‍ പോലീസ് അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതേത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് മറ്റുള്ളവരുടെ മൃതദേഹങ്ങള്‍ കൂടി പരിശോധിക്കാന്‍ തീരുമാനിച്ചത്. ഭക്ഷണത്തില്‍ സയനൈഡ് കലർന്നതാവാം മരണകാരണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ സംശയം.
റോയിയുടെ ഭാര്യയായ ഇടുക്കി സ്വദേശിനിക്ക് കോഴിക്കോട് എൻഐടിയിൽ ലക്ചററായി ജോലിയാണെന്ന് നാട്ടിൽ പ്രചരിപ്പിച്ചിരുന്നതായും ഇത് കളവാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി. റോയിയുടെ മരണശേഷം പിതാവിന്റെ പേരിലുള്ള സ്വത്ത് റോയിയുടെ കുടുംബത്തിന് നൽകരുതെന്ന് അമ്മാവനായ മാത്യു മഞ്ചാടിയിൽ ബന്ധുക്കളോടു പറഞ്ഞിരുന്നതായും, ഇതിനുശേഷമാണ് അദ്ദേഹം ദുരൂഹ സാഹചര്യത്തിൽ മരിച്ചതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
മരിച്ച അന്നമ്മ ഏകമകളുടെ വിവാഹത്തിനായി കരുതിവച്ച ആഭരണങ്ങളിൽ ഒരു പവൻ വീതമുള്ള എട്ട് വളകള്‍ കാണാതായതായും ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വത്തുക്കള്‍ തട്ടിയെടുക്കാനുള്ള ആരുടേയോ ശ്രമമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
ഇതിനു കുടുംബത്തിലെ ചിലർതന്നെ സഹായിച്ചതായും കരുതുന്നു. അതേസമയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും ശാസ്ത്രീയമായ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ അറസ്റ്റ് രേഖപ്പെടുത്തുകയുള്ളൂവെന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്. സാഹചര്യതെളിവുകളെല്ലാം സംശയത്തിന്റെ നിഴലിലുള്ള ഒരാൾക്കെതിരാണെന്ന് അറിയുന്നു.
ഇവരിപ്പോള്‍ പോലീസിന്റെ നിരീക്ഷണത്തിലാണുള്ളത്.ബ്രെയിൻ മാപ്പിംഗ് അടക്കം ശാസ്ത്രീയ പരിശോധന നടത്താനും നീക്കമുണ്ട്. സയനൈഡ് കഴിച്ചാണെങ്കില്‍ പല്ലില്‍ പറ്റിയിരിക്കുന്ന അംശം വര്‍ഷങ്ങള്‍ക്കു ശേഷവും നശിക്കാതെയുണ്ടാവുമെന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നത്. ഇതേത്തുടര്‍ന്നാണ് ഫോറന്‍സിക് പരിശോധന നടത്തുന്നത്.ആറിൽ നാലുപേരെ സംസ്കരിച്ചത് കൂടത്തായി സെമിത്തേരിയിലും രണ്ടുപേരെ കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ്. ആവശ്യമെങ്കിൽ കോടഞ്ചേരിയിലെ കല്ലറയിലും ശാസ്ത്രീയപരിശോധന നടത്തും.
സംശയത്തിലേക്ക് നയിച്ചത് പിണറായിയിലെ മൂന്ന് കൊലപാതകങ്ങള്‍
കോഴിക്കോട്: പിണറായി കൂട്ടക്കൊല കേസുമായി ബന്ധപ്പെട്ട് സൗമ്യയെ അറസ്റ്റ് ചെയ്തതോടെയാണ് കൂടത്തായിയിലെ ആറു പേരുടെ മരണം കൊലപാതകമാണെന്ന സംശയം ബന്ധുക്കള്‍ക്ക് ബലപ്പെട്ടത്. വഴിവിട്ട ജീവിതത്തിന് തടസം നിന്നതിനായിരുന്നു മാതാപിതാക്കളേയും മകളേയും പടന്നക്കര വണ്ണത്താംവീട്ടില്‍ സൗമ്യ കൊലപ്പെടുത്തിയത്.
ഛര്‍ദിയും വയറിളക്കവും മൂലമുള്ള മൂന്ന് അസ്വാഭവികമരണങ്ങള് നാട്ടുകാരില്‍ ജനിപ്പിച്ച സംശയമാണ് കൊലപാതകത്തിന് പിന്നില്‍ സൗമ്യയാണെന്ന കണ്ടെത്തലിലേക്ക് നയിച്ചത്. പിതാവ് കുഞ്ഞിക്കണ്ണന് , മാതാവ് കമല, മകള്‍ ഐശ്വര്യ എന്നിവരെ ഭക്ഷണത്തില്‍ വിഷം കലര്ത്തായാണ് സൗമ്യകൊലപ്പെടുത്തിയത്.
ഈ സംഭവങ്ങള്‍ ഏറെ ചര്‍ച്ചയായതിന് തൊട്ടുപിന്നാലെയാണ് താമരശേരിയില്‍ ബന്ധുക്കളായ ആറു പേരുടെ മരണവും സമാനസ്വഭാവമുള്ളതാണെന്ന് സംശയം തോന്നിയത്. ഇതോടെ വീട്ടുകാരെ നിരീക്ഷിച്ചവര്‍ക്ക് സാഹചര്യതെളിവുകളെല്ലാം കൃത്യത്തിന് പിന്നില്‍ ഒരാളാണെന്ന സൂചനയിലേക്ക് എത്തിച്ചു. ഇതോടെ റോജോ പോലീസിനെ സമീപിക്കുകയായിരുന്നു.