മുക്കം: കോഴിക്കോട് മുക്കം നീലേശ്വരം ഗവ.ഹയർ സെക്കന്‍ഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥികൾക്കു വേണ്ടി അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തിൽ വിദ്യാർഥികൾ വീണ്ടും പരീക്ഷയെഴുതാൻ തീരുമാനിച്ചു. നിരപരാധികളായ വിദ്യാർഥികൾ അധ്യാപകരുടെയും വിദ്യഭ്യാസ വകുപ്പ് അധികൃതരുടെയും നിർബന്ധത്തിനു വഴങ്ങിയാണ് ഇന്നലെ പരീക്ഷക്ക് അപേക്ഷ നൽകിയത്.
സേ പരീക്ഷയോടൊപ്പം പ്രത്യേക സംവിധാനത്തോടും സൗകര്യത്തോടും കൂടിയാണ് ഫലം തടയപ്പെട്ട രണ്ടു പേരുടെയും പരീക്ഷ നടക്കുകയെന്ന് വിദ്യാർഥികളുടെ മൊഴിയെടുക്കവെ ഉറപ്പുനൽകിയിരുന്നു. ഹയർ സെക്കന്‍ഡറി വിഭാഗം ജോയിന്റ് ഡയറക്ടർ ഡോ. എസ്.എസ്. വിവേകാന്ദൻ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഗോകുല കൃഷ്ണൻ,എക്കൗണ്ടിംഗ് ഓഫീസർ സീന, സുപ്രണ്ട് അപർണ്ണ എന്നിവരുടെ നേതൃത്വത്തിൽ ചൊവ്വാഴ്ചയായിരുന്നു വിദ്യാർഥികളുടെ മൊഴിയെടുത്തത്.
ഈ വർഷം തന്നെ കോളജ് പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള അവസരം ഉൾപ്പെടെ നഷ്ടപ്പെടുകയില്ലെന്ന അധ്യാപകരുടെയും വിദ്യഭ്യാസ വകുപ്പിന്റേയും ഉറപ്പിന്മേലാണ് കുട്ടികൾ വീണ്ടും പരീക്ഷയെഴുതുന്നതിന് രക്ഷിതാക്കളും സമ്മതം മൂളിയത്. അധ്യാപകൻ പൂർണ്ണമായും പരീക്ഷ എഴുതിയ പ്ലസ് ടു സയൻസ് വിഭാഗത്തിലേയും മൊമേഴ്സ് വിഭാഗത്തിലേയും ഓരോ കുട്ടികളാണ് വീണ്ടും പരീക്ഷ എഴുതുന്നത്. ജൂൺ 10ന് സേ പരീക്ഷയോടൊപ്പമാകും ഇവരുടെ പരീക്ഷ നടക്കുക.
അതേ സമയം അധ്യാപകൻ പരീക്ഷ എഴുതിയത് തങ്ങൾ അറിയില്ലെന്നും വീണ്ടും പരീക്ഷയെഴുതിക്കുന്നത് അന്യായമാണെന്നും വിദ്യാർഥികളും രക്ഷിതാക്കളും ആവർത്തിച്ചു.