നാദാപുരം: വടകരനിന്നും വളയത്തേക്കുള്ള ബസ് നാദാപുരം സ്റ്റാൻഡിലെത്തി. ചീറിപ്പാഞ്ഞു വന്ന പോലീസ് ജീപ്പ് ബസിനുകുറുകെയിട്ടു ചാടിയിറങ്ങിയ പോലീസുകാർ ബസിലേക്ക് ഓടിക്കയറി. ടീ ഷർട്ട് ധരിച്ച കഷണ്ടിയുള്ള ഒരു യുവാവിനെ കയ്യിൽ സഞ്ചിക്കെട്ടുമായി പോലീസ് ഇറക്കി കൊണ്ടുവന്നു.
സഞ്ചി തുറന്ന് പരിശോധിക്കുന്നതിനിടെ ആരോ പറഞ്ഞു. കഞ്ചാവ് വിതരണം ചെയ്യുന്ന ഇത്തരക്കാരാണ് നാടിനെ നശിപ്പിക്കുന്നത്. ഇവരെയൊന്നും വെറുതെ വിടരുത്. ആളുകൾ യുവാവിനെ കൈവയ്ക്കുമെന്ന അവസ്ഥയായതോടെ പോലീസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക്.
“കട്ട് ‘…… അവിചാരിതമായി കട്ട് എന്ന കമന്റ് കേട്ടതോടെ നാട്ടുകാർ അമ്പരന്നു. ഉമ്മത്തൂർ സ്കൂളിലെ എസ്പിസിയുടെ നേതൃത്വത്തിൽ ചിത്രീകരിക്കുന്ന ഡോക്യുമെന്ററിയുടെ ഷൂട്ടിംഗായിരുന്നു. അതിനിടയിൽ വാട്ട്സ് ആപ്പിലും മറ്റുമായി നാദാപുരത്തെ കഞ്ചാവ് വേട്ടയുടെ വാർത്തയും വീഡിയോയും വന്നു കഴിഞ്ഞിരുന്നു.
വർധിച്ചുവരുന്ന മദ്യ-മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ഉമ്മത്തൂർ എസ്ഐ ഹയർ സെക്കൻഡറി സ്റ്റുഡന്റ് പോലീസ് കാഡറ്റ് യൂനിറ്റ്, ഷാർജ നാദാപുരം മണ്ഡലം കെഎംസിസി കമ്മിറ്റിയുടെ സഹകരണത്തോടെ നിർിക്കുന്ന ഹോം സിനിമയുടെ ചിത്രീകരണമായിരുന്നു അത്. “”അമ്മമാർ കരയുകയാണ്”എന്ന ഹോം സിനിമ ലഹരിക്കടിമപ്പെട്ട് ജീവിതം തുലയ്ക്കുന്ന കൗമാരക്കാരന്റെ കഥ തന്മയത്വത്തോടെയാണ് അവതരിപ്പിക്കുന്നത്.
സിനിമയുടെ ചിത്രീകരണം ഉമ്മത്തൂർ സ്കൂൾ പരിസരത്തും പരപ്പുപ്പാറ വെള്ളിയോട് ഹയർ സെക്കൻഡറി, നാദാപുരം ബസ് സ്റ്റാൻഡ് , പോലീസ് സ്റ്റേഷൻ, കല്ലാച്ചി ഹോസ്പിറ്റൽ, പാറക്കടവ്, വിലങ്ങാട്, അടുപ്പിൽ കോളനി ,തിരികക്കയം, കെട്ടിൽ കോളനി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടത്തിയത്.
നിരവധി വിദ്യാർഥികളും പോലീസ് ഉദ്യോഗസ്ഥരും വേഷമിടുന്ന ഈ ചിത്രത്തിന് 40 മിനിട്ടോളം ദൈർഘ്യമുള്ളതാണ്. പ്രമോദ് വേദ കഥയും തിരക്കഥയും നിർവഹിച്ച സിനിമക്ക് പശ്ചാത്തല സഹായം നൽകുന്നത് സ്കൂളിലെ അധ്യാപകൻ അസ്ലം കളത്തിലും മുൻ നാദാപുരം ഡി വൈ എസ് പി വി.കെ. രാജുവുമാണ്. ചിത്രകാരനും ഉമ്മത്തൂർ സ്കൂളിലെ ചിത്രാധ്യാപകനും കൂടിയായ സത്യൻ നീലിമയാണ് സംവിധാനം നിർവഹിക്കുന്നത്. സുകേഷ് ശേഖറാണ് കാമറ.
വടകര നാർക്കോട്ടിക് സെൽ ഡിവൈഎസ്പി അശ്വകുമാർ , കൺട്രോൾ റൂം അസി.കമ്മീഷണർ ടി.പി. പ്രേമരാജ് തുടങ്ങിയ പൊലീസ് ഉദ്യോഗസ്ഥരും ഇതിൽ വേഷമിടുന്നു. ഒരു മാസത്തിനുള്ളിൽ ഡോക്യുമെന്ററി റിലീസ് ചെയ്യും.