കോഴിക്കോട്: കോഴിക്കോട്ട് യുവതിയെയും മൂന്നുവയസുമാത്രം പ്രായമുള്ള മകളെയും തീകൊളുത്തി കൊന്നു. സംശയത്തെതുടര്‍ന്ന് രണ്ടാം ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.കോഴിക്കോട് മാങ്കാവിനടുത്തുള്ള തൃശാലക്കുളത്ത് കോവിലകം പുത്തന്മാളികയിലെ വാടകവീട്ടില്‍ താമസിക്കുന്ന ഒഡീഷ സ്വദേശി അനില്‍ ബിക്കാരി ദാസിന്റെ ഭാര്യ രൂപാലിയും (22) മകൾ മൂന്നുവയസുകാരി ആരാധ്യയെയുമാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റൊരാളുടെ ഭാര്യയായ രൂപാലി അനിൽ ബിക്കാരി ദാസിനൊപ്പം ഒളിച്ചോടി കോഴിക്കോട്ടെത്തിയതാണ്. ആദ്യ ഭർത്താവിലുണ്ടായ മകളാണ് ആരാധ്യ.
താന്‍ ജോലിക്ക് പോയി വൈകുന്നേരം തിരിച്ചുവന്നപ്പോള്‍ ആരെയും കാണാത്തതിനെ തുടര്‍ന്ന് കതക് ചവിട്ടിപൊളിച്ച് അകത്തുകടക്കുകയായിരുന്നുവെന്നാണ് ഭര്‍ത്താവ് അനില്‍ പോലീസിന് നല്‍കിയമൊഴി. തുടര്‍ന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ തന്നെ ഇയാളെ കസ്റ്റഡിയിലെടുത്തു.
വീട്ടിലെ മുറിയില്‍ പരസ്പരം കെട്ടിപിടിച്ചന ിലയിലാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. മുറിയില്‍ പെട്രോളിന്റെ മണവും അനുഭവപ്പെട്ടിരുന്നു. രൂപാലിക്ക് ഏകദേശം എണ്‍പത് ശതമാനത്തോളം പൊള്ളലേറ്റിരുന്നു. അനിലിന്റെ നിലവിളികേട്ടാണ് തങ്ങള്‍ ഓടിയെത്തിയതെന്ന് സമീപവാസികള്‍ അറിയിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന കസബ പോലീസ് സ്ഥലത്തെത്തി അനിലിനെ വിശദമായി ചോദ്യം ചെയ്തു. മൊബൈല്‍ ഫോണും പോലീസ് പരിശോധിച്ചു. സംഭവത്തില്‍ ദുരൂഹതയുള്ളതായാണ് പോലീസ് പറയുന്നത്.
ഇന്ന് രാവിലെ തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തിയാണ് മൃതദേഹം ഇന്‍ക്വിസ്റ്റ് നടത്തിയത്. വീട്ടിനുള്ളില്‍ പിടിവലി നടന്നതിന്റെ തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്‍ക്വിസ്റ്റ് നടപടികള്‍ക്ക് ശേഷം വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം. കസബ പോലീസ് ഒഡീഷ പോലീസുമായി ഫോണിൽ ബന്ധപ്പെട്ട് ദന്പതികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരികയാണ്.
കഴിഞ്ഞദിവസം കുടുംബവഴക്കിനെ തുടര്‍ന്ന് നടുറോഡില്‍ ഭാര്യയുടെ ദേഹത്ത് പെട്രോളൊഴിച്ച് അപായപ്പെടുത്താന്‍ ശ്രമമുണ്ടായിരുന്നു. തളിപ്പറമ്പ് സ്വദേശിയും നഴ്സിംഗ് അസിസ്റ്റന്‍ഡുമായ രമയെയാണ് തീകൊളുത്തി അപായപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രമയുടെ ഭര്‍ത്താവ് മെഡിക്കല്‍കോളജിന് സമീപത്തെ ചെറുകുന്നത്ത് ഷനോജ് കുമാറിനെ ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.