സ്വന്തം ലേഖകൻ
തലശേരി: തലശേരി നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും “ചൂടൻ രംഗങ്ങൾ’ ഒളി കാമറയിലൂടെ പകർത്തിയ സംഭവത്തിനു പിന്നിൽ അന്താരാഷ്ട്ര ബന്ധമുള്ള സെക്സ് റാക്കറ്റിനും ബന്ധമുണ്ടെന്നു സൂചന.
ഇവിടെ നിന്നും പകർത്തിയ 40 വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ ഇന്ത്യയിൽ അനുവദനീയമല്ലാത്തതും വിദേശത്ത് ലഭ്യമായതുമായ സെക്സ് സൈറ്റുകളിൽ പ്രചരിക്കുന്നത്.
വീഡിയോ ദൃശ്യത്തിൽ ഉൾപ്പെട്ടവരെ ബ്ലാക്ക് മെയിൽ ചെയ്ത് ഇപ്പോഴും പണം വാങ്ങിയെടുക്കുന്നതായും സൂചനയുണ്ട്. മാനഹാനി ഭയന്നാണ് പലരും പരാതിയുമായി സമീപിക്കാത്തത്.
അന്വേഷണം നിലച്ചു
വിദേശ രാജ്യങ്ങളിലെ സെക്സ് സൈറ്റുകളിൽ പോലും വൈറലായ ഒളികാമറ ദൃശ്യങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നും പകർത്തിയ സംഭവത്തിൽ പോലീസ് അന്വേഷണവും മരവിച്ചു.
അറസ്റ്റ് ചെയ്തവരെ കൂടുതൽ അന്വേഷണം പോലും നടത്താതെ ജാമ്യത്തിൽ വിട്ടതും വിവാദമായിട്ടുണ്ട്.
അത്യാധുനിക ഹിഡൻ കാമറകൾ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ നിസാര വകുപ്പുകൾ മാത്രം ചേർത്തതും വിവാദമാകുന്നു.
അന്താരാഷട്ര സൈറ്റുകളിലെ ലിങ്കുകളിലേക്ക് ദൃശ്യങ്ങൾ എത്തിച്ചതിനു പിന്നിലും വൻ മാഫിയ തന്നെയാണ്.
അന്താരാഷ്ട്ര ബന്ധമുള്ള സെക്സ് മാഫിയക്കെതിരേയുള്ള അന്വഷണത്തിന് ലോക്കൽ പോലീസിന്റെ പരിമിതികളും ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ഓവർ ബറീസ് ഫോളിയിലെ ദൃശ്യത്തിൽ കുട്ടികളും!
ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്ന കടലോര വിനോദ സഞ്ചാര കേന്ദ്രമായ ഓവർ ബറീസ് ഫോളിയിൽ നിന്നുള്ള 40 വീഡിയോ ദൃശ്യങ്ങളാണ് ഇതിനിടയിൽ നവ മാധ്യമങ്ങളിൽ വൈറലായിട്ടുള്ളത്.
ഇതിൽ, രണ്ട് കുട്ടികൾ ഉൾപ്പെടുന്ന വീഡിയോ ഉൾപ്പെടെ നാല് വീഡിയോകൾ അന്താരാഷട്ര സെക്സ് സൈറ്റുകളിൽ പ്രചരിക്കുന്നത്.
വീഡിയോകൾ അത്യാധുനിക ഹിഡൻ കാമറകൾ ഉപയോഗിച്ചാണ് ഷൂട്ട് ചെയ്തിട്ടുള്ളതെന്നാണ് വിദഗ്ധർ പറയുന്നത്.
ഒരു കോളജ് അധ്യാപികയും വിദ്യാർഥിയും തമ്മിലുള്ള ദൃശ്യങ്ങളും യൂണിഫോമിലുള്ള വിദ്യാർഥികളുടെ ദൃശ്യങ്ങളും വിദേശ സൈറ്റുകളിൽ പ്രചരിക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെയാണ് പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്. തുടർന്ന് അന്വേഷണം നിലയ്ക്കുകയായിരുന്നു.
വീഡിയോ ദൃശ്യങ്ങൾ നീക്കാൻ നടപടി എടുക്കും: എഎസ്പി
തലശേരി: നഗരത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിന്നും ഒളികാമറയിലൂടെ പകർത്തിയ ദൃശ്യങ്ങൾ നവമാധ്യമങ്ങളിലും വിദേശ സൈറ്റുകളിലും പ്രചരിക്കുന്നത് തടയാൻ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് തലശേരി എഎസ്പി വിഷ്ണു പ്രദീപ് രാഷ്ട്രദീപികയോട് പറഞ്ഞു.
വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്.
ഒളികാമറ സംഭവത്തിൽ നിലവിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ സമഗ്ര അന്വേഷണം നടത്തുമെന്നും എഎസ് പി വ്യക്തമാക്കി.