സ്വന്തം ലേഖകൻ
താമരശേരി: മലയോരമേഖലയില്‍ മല പ്രദേശങ്ങളിലുംവാടക വീടുകളിലുമായി വ്യാജവാറ്റ് കേന്ദ്രങ്ങള്‍ പെരുകുന്നു. പനങ്ങാട്, പുതുപ്പാടി, കട്ടിപ്പാറ, തിരുവമ്പാടി, മുക്കം, കൂടരഞ്ഞി തുടങ്ങിയ മലയോര പഞ്ചായത്തുകളിലാണ് വാറ്റ് കേന്ദ്രങ്ങള്‍ ഏറെയും പ്രവര്‍ത്തിക്കുന്നത്.
താമരശേരി എക്സൈസും കോഴിക്കോട്ടു നിന്ന് സ്പെഷല്‍ സ്ക്വാഡുമെത്തി പരിശോധനടത്തി വാറ്റ് കേന്ദ്രങ്ങള്‍ തകര്‍ക്കുന്നുണ്ടെങ്കിലും പ്രതികളെ പിടികൂടാനാകുന്നില്ല.
കുത്തനെയുള്ള മലമുകളില്‍ വലിയ പാറക്കെട്ടകള്ക്കിടയില് നടത്തുന്ന വാറ്റു കേന്ദ്രങ്ങളിലേയ്ക്ക് എത്തുമ്പോഴേക്കും വാറ്റുകാര്‍ ഓടി രക്ഷപ്പെടുകയാണെന്ന് എക്സൈസുകാര് പറയുന്നു.
ആളെ മനസിലാക്കി പിന്നീട് വിളിച്ചു വരുത്തിയോ കണ്ടെത്തിയോ കേസെടുക്കുന്നുമില്ല. തൊണ്ടിമുതലോടെ പിടികൂടിയാലെ കേസെടുക്കാനാകു എന്നാണ് പറയുന്നത്.
പ്രദേശത്ത് വ്യാജ വാറ്റു നടത്തുന്നവരെ കുറിച്ച് വ്യക്തമായ വിവരം കിട്ടുന്നുണ്ടെങ്കിലും വാറ്റുകേന്ദ്രത്തില്‍ നിന്ന് കൈയ്യോടെ പിടികൂടിയാലെ കേസെടുക്കുന്നുള്ളു. വനത്തിലും പുഴയോരങ്ങളിലെ പാറക്കെട്ടുകളിലുമാണ് അധികവും വാറ്റ് കേന്ദ്രങ്ങള്‍ നടത്തുന്നത്.
നൂറു മുതല്‍ ആയിരം വരെ ലിറ്റര്‍ വാഷുണ്ടാക്കി വാറ്റുന്ന കേന്ദ്രങ്ങളാണ് താമരശേരി എക്സൈസ് പിടിച്ചെടുത്ത് അടുത്തകാലത്തായി നശിപ്പിച്ചത്.
ഒരു സ്ഥലത്ത് നശിപ്പിക്കുന്നതോടെ തൊട്ടടുത്തു തന്നെ പുതിയ കേന്ദ്രം തുടങ്ങിക്കഴിയും. പിന്നീട് അന്വേഷിച്ച് പ്രതികളെ പിടിക്കാത്തതിനാലാണ് വ്യാജവാറ്റു കേന്ദ്രം പെരുകുന്നത്.
അതേസമയം വാടകയ്ക്ക് വീടുകളെടുത്തും വാറ്റ് നടത്തുന്നുണ്ട്. ഇവരില്‍ ചിലരെ എക്സൈസ് പിടികൂടി കേസെടുത്തിട്ടുമുണ്ട്. ലിറ്ററിന് 1200 രൂപ വരെ വിലയ്ക്കാണ് വാറ്റു ചരായം വില്‍ക്കുന്നതെന്നാണ് പറയുന്നത്.
വാറ്റുകാരെ സഹായിക്കുന്നതിന് പലസ്ഥലങ്ങളിലും ഫോണുമായി ദൂതന്മാര് നില്ക്കും. എക്സൈസോ പോലീസോ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ വാറ്റു കേന്ദ്രങ്ങളില്‍ വിവരമെത്തിക്കും.
ചാരായം കന്നാസിലും കുപ്പികളിലുമാക്കി വാഹനങ്ങളില്‍ വിവിധ പഞ്ചായത്തുകളിലെത്തിച്ച് വിതരണം ചെയ്യുവാനും ഇടനിലക്കാരുണ്ട്.
ചുരുക്കം ചിലരെ മാത്രമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാത്തില്‍ എക്സൈസ് പിടികൂടിയിട്ടുള്ളത്. ആളെ പിടിക്കാതെ വാറ്റുകേന്ദ്രത്തിലെത്തി വാഷ് മാത്രം നശിപ്പിച്ച് പോകുന്നത് ഒത്തുകളിയാണെന്ന ആരോപണം ശക്തമാണ്.
എക്സൈസ് പരിശോധനയ്ക്കു പുറമെ താമരശേരി പോലീസും രഹസ്യവിവരം ലഭിക്കുന്നതിനെ തുടര്‍ന്ന് പരിശോധന നടത്തി വാഷ് നശിപ്പിക്കുന്നുണ്ടെങ്കിലും പലസ്ഥലങ്ങളില്‍ നിന്നും പ്രതികളെ പിടികൂടാനാകുന്നില്ല.
പിന്നീട് കേസന്വേഷിച്ച് രക്ഷപ്പെട്ടപ്രതികളെ അറസ്റ്റ് ചെയ്യുന്നുമില്ല. വിവിധ സ്ഥലങ്ങളില്‍ സംഘടനകള്‍ വ്യാജവാറ്റിനെതിരെ സമരപിപാടികളുമായി രംഗത്തെത്തിയിട്ടുണ്ട്.