കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവില്‍ യുവതി പീഡനത്തിനിരയായ കേസില്‍ റിപ്പോര്‍ട്ട് നല്‍കാതെ തുടര്‍ച്ചയായി ഒളിച്ചു കളിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി.
വനിത കമ്മീഷന് ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയില്ല. പീഡനത്തിനിരയായ യുവതിയെ സ്വാധീനിച്ചവരുടെ സസ്പെന്ഷന് പിന്‍വലിച്ചതിലാണ് കമ്മീഷന് റിപ്പോര്‍ട്ട് തേടിയത്.
പരാതിക്കാരി സിറ്റിംഗിന് വന്ന് രണ്ട് തവണയും മടങ്ങിപ്പോയി. മെഡിക്കല്‍ കോളേജിനോട് റിപ്പോര്‍ട്ട് നല്‍കാത്തതില്‍ വിശദീകരണം തേടി വീണ്ടും നോട്ടീസയയ്ക്കുമെന്ന് വനിത കമ്മീഷന് അധ്യക്ഷ പി സതീദേവി പറഞ്ഞു.
മെഡിക്കല്‍ കോളേജിന്റെ നടപടി ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വനിത കമ്മീഷന് അറിയിച്ചു.
പീഡനത്തിന് ഇരയായ യുവതിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസില്‍ കഴിഞ്ഞ മാസം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
കുന്ദമംഗലം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. പീഡന പരാതി ഇല്ലാതാക്കാന്‍ അഞ്ച് വനിതാ ജീവനക്കാര്‍ ചേര്‍ന്ന് അതിജീവിതയ്ക്കുമേല്‍ ഭീഷണി, സമ്മര്‍ദ്ദം എന്നിവ നടത്തിയെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
അതിജീവിത മജിസ്ട്രേറ്റിന് നല്കിയ രഹസ്യമൊഴി ഉള്‍പ്പെടെ മാറ്റാന്‍ സ്വാധീനം ചെലുത്തി എന്നും കുറ്റപത്രത്തിലുണ്ട്.
ഇവരെ കുറ്റവിമുക്തരാക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതാണ്. സസ്പെന്ഷന് റദ്ദാക്കി തിരിച്ചെടുക്കുകയും ചെയ്തിരുന്നു.
വിമര്‍ശനം ശക്തമായതിന് പിന്നാലെ തിരിച്ചെടുക്കല്‍ നടപടി റദ്ദാക്കുകയും ചെയ്തിരുന്നു.