കാക്കനാട്: കാക്കനാട്ടെ അപ്പാര്‍ട്ട്മെന്റില്‍ കോഴിക്കോട് സ്വദേശിനിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വാക്കുതര്‍ക്കത്തിനിടെ ഉണ്ടായ കൊലപാതകമെന്ന് സംശയം.
പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് കോഴിക്കോട് തലക്കുളത്തൂര്‍ വി.കെ. റോഡ് കുനിയില്‍ കെ. വൈഷ്ണവിയെ (22) മരിച്ച നിലയിലും ഒപ്പം താമസിച്ചിരുന്ന ഇടുക്കി തങ്കമണി വെമ്പേനില്‍ അലക്സ് ജേക്കബിനെ (24) കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയിലും കണ്ടത്തിയത്.
ചെന്പുമുക്ക് പറക്കാട്ട് അന്പലം എംഎല്‍എ റോഡിലുള്ള പിടിആര്ആര്എ 194 എം അപ്പാര്‍ട്ട്മെന്റിലെ രണ്ടാം നിലയിലെ വീട്ടില്‍ 19 ദിവസം മുമ്പാണ് ഇവര്‍ താമസം തുടങ്ങിയത്.
ഇരുവരെയും ചോരയില്‍ കുളിച്ച് കിടക്കുന്നനിലയിലാണ് കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി ഇരുവരും തമ്മില്‍ കലഹിച്ചിരുന്നു.
തുടര്‍ന്ന് തന്നെ വൈഷ്ണവി മുറിയില്‍ പൂട്ടിയിട്ടെന്നും രാത്രി വൈകി താന്‍ മുറി പൊളിച്ച് പുറത്തിറങ്ങിയപ്പോഴാണ് വൈഷ്ണവി തൂങ്ങിനില്ക്കുന്നത് കണ്ടത്.
ഫാനില്‍ കെട്ടിതൂങ്ങിയ നിലയില്‍ കണ്ട വൈഷ്ണവിനെ താഴെ ഇറക്കിയ ശേഷമാണ് താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് അലക്സിന്റെ മൊഴി.
വൈഷ്ണവിയുടെ രണ്ട് കൈകളുടെയും ഞരമ്പ് മുറിഞ്ഞ നിലയിലാണ്. യുവാവിന്റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
മുറി പോലീസ് സീല്‍ ചെയ്തു. യുവതിയുടെ ബന്ധുക്കള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വൈഷ്ണവിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.
അലക്സ് ജേക്കബിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.