നിപ്പ പോയി ഷിഗെല്ല വന്നു ! കോഴിക്കോടിനെ ഭീതിയിലാക്കി പുതിയ വൈറസ്; ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മരിച്ചത് ഷിഗെല്ലാ ബാധിച്ചെന്ന് സ്ഥിരീകരണം; ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശം

കോഴിക്കോട്: നാടിനെ ഭീതിയിലാക്കി മടങ്ങിയ നിപ്പയ്ക്കു പിന്നാലെ കോഴിക്കോടിനെ ഭീതിയിലാഴ്ത്തി ഷിഗെല്ലാ വൈറസ്. വയറിളക്കം ബാധിച്ച് ഇരട്ടക്കുട്ടികളില്‍ ഒരാള്‍ മരിച്ചത് ഷിഗെല്ലാ വൈറസ് ബാധമൂലമാണെന്ന് സ്ഥിരീകരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന രണ്ടു വയസുകാരന്‍ സയാന്‍ ആണ് മരിച്ചത്. ഇരട്ട സഹോദരന്‍ സിയാന്‍ ഇപ്പോഴും ചികിത്സയിലാണ്.

കഴിഞ്ഞ പതിനെട്ടാം തീയതിയാണ് തേക്കിരി വീട്ടില്‍ ഹര്‍ഷാദിന്റെ മക്കളായ ഇരട്ടക്കുട്ടികളെ അസുഖബാധയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ അസുഖം ഭേദമാകാഞ്ഞതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച മെഡിക്കല്‍ കോളജിലേക്ക് അയച്ചുവെങ്കിലും സയാന്‍ മരിക്കുകയായിരുന്നു. ഷിഗെല്ല ബാധിച്ച് മരണം സംഭവിച്ച സാഹചര്യത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

സമീപത്തെ വീടുകളിലെ കിണറുകളില്‍ ക്ലോറിനേഷന്‍ ചെയ്തു. രോഗത്തെ സംബന്ധിച്ച ലഘുലേഖയും വിതരണം ചെയ്തു. ബോധവല്‍ക്കരണ ക്ലാസ് ഇന്നു സംഘടിപ്പിക്കുമെന്നാണ് വിവരം. കക്കൂസ് മാലിന്യമുള്‍പ്പെടെയുള്ളവ ജലത്തില്‍ കലരുന്നതാണ് ഷിഗെല്ല വൈറസിന് കാരണം. മലിനജലം കലരാനിടയുള്ള കുടിവെള്ളം തിളപ്പിച്ച ശേഷം മാത്രമേ കുടിക്കാവൂ എന്നും നിര്‍ദ്ദേശമുണ്ട്.

Related posts