ഉല്ലാസത്തിനും ആഘോഷത്തിനും മൂല്യം നിശ്ചയിക്കുക, ചെലവാക്കുന്ന പണത്തിന്റെ അളവ് നോക്കിയല്ലെന്നത് സത്യംതന്നെ. ആസ്വാദനത്തിന്റെ ആഴവും പരപ്പും വർണനാതീതമാകുമ്പോൾ മുടക്കിയ പണത്തിന് മുതൽ ലഭിച്ചെന്ന് ആശ്വസിക്കാം. ഉരുനിര്‍മാണ രംഗത്തെത്തെ മുടിചൂടാ മന്നന്മാരായ ബേപ്പൂർ വിദഗ്ധരുടെ കരവിരുതിന്റെ നേർക്കാഴ്ചയുമായി ആഡംബരനൗക നീറ്റിലിറങ്ങി. ബേപ്പൂരില്നിന്നുളള 40 ഖലാസിമാര്‍ ചേര്‍ന്നാണ് കടലിലിറക്കിയത്.
പിന്‍ഭാഗം പരന്ന സംബൂക്ക് ഇനത്തില്‍പ്പെട്ട ഉരു ഖത്തറിലെ പ്രമുഖ വ്യവസായി ഖാലിദ് അല്സുലൈത്തിക്കുവേണ്ടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കൂറ്റന്‍ ബാലൂസില് കയറ്റി നിര്‍ത്തിയശേഷം ദവ്വർ തിരിച്ചാണ് ഉരു നീക്കിയത്. ഉരു നിര്‍മാണത്തില്‍ അമ്പത് വര്‍ഷത്തെ പാരമ്പര്യമുളള ബേപ്പൂർ പാണ്ടികശാലകണ്ടി അബ്ദുൾ ഗഫൂറിന്റെ ഉടമസ്ഥതയിലുളള ബിനാഫെ എന്റര്‍പ്രൈസസാണ് നിര്‍മാതാക്കള്‍. ഉരുവിന്റെ മുകള്‍ ഭാഗത്തിന് 140 അടിയും താഴ് ഭാഗം 90 അടിയും നീളമാണുള്ളത്.
30 അടി വീതിയുളള ഉരു പ്രധാനമായും തേക്കിലാണ് പണി തീര്‍ത്തിരിക്കുന്നത്. കൊട്ടാരസമാനമായ രണ്ടു നിലകളുള്ള ഉരുവിന് പന്ത്രണ്ടു കോടിയിലേറെ രൂപയാണ് നിർമാണച്ചെലവ്. മണിക്കൂറില്‍ 20 നോട്ടിക്കല്‍ മൈല്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന 700 കുതിര ശക്തിയുള്ള രണ്ട് എന്‍ജിനുകളാണ് ഈ നൗകയില്‍ ഘടിപ്പിച്ചിരിക്കുന്നത്. തച്ചുശാസ്ത്ര വിദഗ്ധന്‍ പുഴക്കര രമേശന്റെ മേല്‍നോട്ടത്തില്‍ 30 തൊഴിലാളികളാണ് ദിവസവും ഉരുവിന്റെ നിര്‍മാണത്തിലേര്‍പ്പെട്ടത്. അലങ്കാരപ്പണികള്‍ തീര്‍ത്തതിനു ശേഷമെ ഉരു ഖത്തറിലേക്ക് കൊണ്ടുപോകൂ.
കപ്പലുകളെയും വലിയ ബോട്ടുകളെയും അപേക്ഷിച്ച് വെള്ളം കുറവുള്ള മേഖലകളിലൂടെ സഞ്ചരിക്കാമെന്ന മേന്മ ഉരുവിനുണ്ട്. ഇതു തന്നെയാണ് ബേപ്പൂരിലെ ഉരു നിർമാണകേന്ദ്രത്തിനുള്ള പ്രത്യേകതയും. ഒരു കാലഘട്ടത്തില്‍ ലോകത്തിനു മുന്നില്‍ രാജ്യത്തിന് ഏറെ പ്രശസ്തി നല്‍കിയിരുന്നതാണ് ബേപ്പൂരും ഉരു നിർമാണ കേന്ദ്രവും. ഇന്നും ബേപ്പൂരിലെ ഉരു നിർമാണശാല തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ എത്തുന്നുണ്ട്.