എഴുപതാം വയസില്‍ കോഴിക്കോട് ജയരാജനു കൈവന്ന നായകവേഷത്തില്‍ അതിശയമേതുമില്ല. പ്രത്യേകിച്ചും, അഭിനയലഹരി സിരകളിലോടുന്ന ഈ കോഴിക്കോടുകാരന്റെ ജീവിതം പറയുമ്പോള്‍. ചാന്‍സ് തേടി സിനിമാക്കാരുടെ പിന്നാലെ അലഞ്ഞ പതിറ്റാണ്ടുകള്‍ ഓര്‍മകളുടെ റീലുകളില്‍ ഓടിമറയുന്നുണ്ട്. ജൂണിയര്‍ ആര്‍ട്ടിസ്റ്റ് എന്നതിപ്പുറമുള്ള ഒരുപിടി ചെറിയ വേഷങ്ങളിലൂടെയാണ് ജയരാജന് ഇതുവരെ എത്തിയത്. ഹെലനിലെ സെക്യൂരിറ്റി വേഷമാണ് ജനനം 1947, പ്രണയം തുടരുന്നു സിനിമയില്‍ എത്തിച്ചത്.
‘പുതിയ ചെറുപ്പക്കാരുടെ ഒരു പടം…
അങ്ങനെയാണ് തുടക്കത്തില്‍ തോന്നിയത്. ഡബ്ബിംഗ് സമയത്താണ് പടത്തിന്റെ വലുപ്പവും കഥാപാത്രത്തിന്റെ വ്യാപ്തിയും മനസിലായത്’ – ജയരാജന് രാഷ്ട്രദീപികയോടു പറഞ്ഞു.
അണിയറയില്‍ നിന്ന്
കുതിരവട്ടത്തിനടുത്തുള്ള പുതിയറയാണ് ജയരാജന്റെ നാട്. തിരുവാതിരയില്‍ ഉറക്കമൊഴിയുന്നവർക്കായി വീട്ടുമുറ്റങ്ങളില്‍ ഇന്നത്തെ സ്കിറ്റും കോമഡിയും പോലെയുള്ള നേരംപോക്കുകളുമായി എത്തിയിരുന്ന കലാകാരന്മാര്. അവരായിരുന്നു ആദ്യ പ്രചോദനം. പിന്നെ, കുതിരവട്ടം പപ്പുവിന്റെ നാടകങ്ങളും.
അഞ്ചില്‍ പഠിക്കുമ്പോള്‍ സ്കൂള്‍ നാടകത്തില്‍ സ്ത്രീവേഷം. ദേശപോഷിണി വായനശാലാ പരിപാടികളില്‍ വേഷങ്ങൾ. മുതിര്‍ന്നതോടെ കോഴിക്കോട് ടൗണായി അരങ്ങ്. ജി. ശങ്കരപ്പിള്ളയുടെ നാടകക്കളരിയുടെ ഭാഗമായ അണിയറ എന്ന നാടകസംഘം ജയരാജനെ അച്ചടക്കബോധത്തോടെ നാടകം ചെയ്യാൻ പഠിപ്പിച്ചു. ഇടവേളകളില്‍ തബലയും ഗിറ്റാറും പഠിച്ചു. വെസ്റ്റ് ഇന്ത്യ സ്റ്റീല്‍ കമ്പനിയിലെ വെല്‍ഡിംഗ് ജോലിക്കിടെ സമയം കണ്ടെത്തി സ്കൂള്‍ ഓഫ് ഡ്രാമയിലെത്തി അവിടത്തെ പെർഫോമൻസുകളും റിഹേഴ്സലുകളും കണ്ടുപഠിക്കാൻ ജി. ശങ്കരപ്പിള്ളയുടെ പിന്തുണയിൽ ജയരാജന് അവസരമുണ്ടായി.
വണ്മാന് ഷോ
അമച്വര്‍ നാടകങ്ങളായിരുന്നു ജയരാജന്റെ തട്ടകം. അവിടെ വരുമാനം കുറവായിരുന്നു. ജീവിതം തിരിക്കാന്‍ ഓട്ടോ ഡ്രൈവറായി. പ്രദീപ് ഹുഡിനോയുടെ മാജിക് ഷോയില്‍ ജാസ് ഡ്രം വായിച്ചു. മൈ മൈം എന്ന വണ്മാന് ഷോയുമായി നാടുചുറ്റി. ദൂരദര്ശന്, സൂര്യ ഫെസ്റ്റ് വേദികളിലെത്തി.
തലസ്ഥാനത്തുനിന്ന് ഒരു വാര്‍ത്തയുമില്ല, തീന്മേശയിലെ ദുരന്തം, കിണര്‍ എന്നീ നാടകങ്ങള്‍ സംവിധാനം ചെയ്തു. സിനിമയുടെ ആദ്യപാഠങ്ങള്‍ കോഴിക്കോട്ടെ മെയിന്‍ ഫ്രയിമിലൂടെ. നാലഞ്ചു സിനിമകളിൽ സൗണ്ട് ഇഫക്ട്സ് ചെയ്തു. ക്രമേണ സിനിമയോട് അഭിനിവേശമായി. ചാന്‍സ് തേടിയിറങ്ങി. രണ്ടു ഡയലോഗ് പറയാന്‍ കഴിവുള്ള ആളെ വേണമെന്ന ഘട്ടത്തില്‍ സിനിമാക്കാര് ജയരാജനെ വിളിച്ചുതുടങ്ങി.
ഒരു അഭിഭാഷകന്റെ കേസ് ഡയറി
ഒരു അഭിഭാഷകന്റെ കേസ് ഡയറിയിലെ കള്ളന് ദാമോദരനാണ് ജയരാജന്റെ ശ്രദ്ധിക്കപ്പെട്ട ആദ്യ വേഷം. സംവിധായകന് കെ.മധുവിന്റെയും മമ്മൂട്ടിയുടെയും സാന്നിധ്യത്തില്‍ ജയരാജന് കള്ളന്റെ വേഷമണിഞ്ഞു. ലുങ്കിയും സെറ്റിലെ പാചകക്കാരനില്‍ നിന്നു കടംവാങ്ങിയ വിയര്‍പ്പില്‍ കുതിര്‍ന്ന ഷര്‍ട്ടും! സന്നിവേശം നാടകത്തിലെ സ്ത്രീവേഷം ഇഷ്ടമായിട്ടാണ് സത്യന്‍അന്തിക്കാടും ശ്രീനിവാസനും ജയരാജനെ എന്നും നന്മകളിലേക്കു വിളിച്ചത്. തുടര്‍ന്ന് എന്റെ വീട് അപ്പൂന്റേം, അടൂരിന്റെ കഥാപുരുഷന്, പിന്നെയും, നരന്, ദി കിംഗ്, പാഠം ഒന്ന് ഒരു വിലാപം, അമ്മക്കിളിക്കൂട്, ബിഗ് ബി, വിനോദയാത്ര… നിരവധി പടങ്ങളില്‍ ചെറിയ വേഷങ്ങള്‍.
ഹെലന്
ജയരാജനെ ഹെലനിലേക്കു വിളിച്ചത് വിനീത് ശ്രീനിവാസന്. പറഞ്ഞുവച്ചിരുന്നതു പോലീസ് വേഷം. സെറ്റിലെത്തിയപ്പോള്‍ കിട്ടിയതു സെക്യൂരിറ്റി റോൾ. ചെറുതെങ്കിലും കഥയുടെ പ്രധാന ഭാഗത്തു വരുന്ന വേഷം ജയരാജനു രാശിയായി. ആദ്യ സിനിമയിറങ്ങി 24 വര്‍ഷങ്ങള്‍ക്കുശേഷം ജയരാജനെ ജനം തിരിച്ചറിഞ്ഞു. പിന്നീട് വൈറസ്, പ്രണയമീനുകളുടെ കടല്‍ , വി.കെ.പ്രകാശ്, ലാല്‍ജോസ്, അമല്‍നീരദ്, വി.എം. വിനു സിനിമകൾ, ഒരു തെക്കന്‍ തല്ല് കേസ് എന്നിവയില്‍ വേഷങ്ങള്‍.
‘ആരെക്കണ്ടാലും ഒന്നു ചിരിക്കുന്നതു നല്ലതാണെന്ന് ഹെലന് കണ്ടശേഷം മകളോടു പറഞ്ഞതായി ഒരമ്മയുടെ വാക്കുകൾ. ആ സിനിമ എന്തു സംസാരിക്കുന്നു എന്നത് എന്നിലൂടെ പറയാനായതില്‍ വലിയ സന്തോഷം തോന്നി. ഹെലന് തൊട്ടാണ് സിനിമയില്‍ നിന്ന് അത്യാവശ്യം പ്രതിഫലം കിട്ടിത്തുടങ്ങിയത് ’- ജയരാജന് ഓര്‍ക്കുന്നു.
പ്രണയം തുടരുന്നു
അഭിജിത് അശോകൻ എഴുതി സംവിധാനം ചെയ്ത ജനനം 1947, പ്രണയം തുടരുന്നു ശിവന്റെയും ഗൗരിയുടെയും കഥയാണ്. അനാഥ മന്ദിരത്തിലെ വാച്ച്മാന് ശിവൻ – അതാണ് ജയരാജന്റെ വേഷം. അവിടത്തെ അന്തേവാസി റിട്ട. അധ്യാപിക ഗൗരിയായി ഓകെ കണ്മണിയിലൂടെ സിനിമയിലെത്തിയ പ്രശസ്ത നര്‍ത്തകി ലീല സാംസണ്. ‘ഒരാള്‍ തനിച്ചാണ്, ആരുമില്ല എന്നറിയുമ്പോള്‍ അയാളെ സഹായിക്കണം, ചേര്‍ത്തുപിടിക്കണം എന്നൊക്കെ തോന്നിയാല്‍ ആര് എന്തുതന്നെ പറഞ്ഞാലും പിന്മാറരുത്. അതില്‍ വരുന്ന കഷ്ടപ്പാടുകള്‍ രണ്ടു കൂട്ടരും കൂടി സഹിക്കാന്‍ തയാറാവണം. അതില്‍ ആനന്ദം കൊള്ളുകയും വേണം. അതാണ് ഈ സിനിമയുടെ കാതല്‍’ – ജയരാജന് പറയുന്നു.
ലീല സാംസണ്
‘വേഷമിട്ടുകഴിഞ്ഞാല് പിന്നെ അതിനു വേണ്ടി എന്തും ചെയ്യുന്ന ആര്‍ട്ടിസ്റ്റ്. മുള്ളും കുപ്പിച്ചില്ലുമൊന്നും വകവയ്ക്കാതെ വയലിലെ ചെളിയിൽ ഇറങ്ങാനും റെഡി. സുഹൃത്തിന്റെ സഹായത്തോടെ ഡയലോഗുകൾ ഇംഗ്ലീഷിലേക്കും ഹിന്ദിയിലേക്കും മാറ്റി പഠിച്ചശേഷമാണ് സെറ്റിൽ വന്നിരുന്നത്. ഡയലോഗുകൾ പറഞ്ഞതു യാതൊരു പ്രോപ്റ്റിംഗുമില്ലാതെ’ – ലീല സാംസണ് അദ്ഭുതപ്പെടുത്തിയതായി ജയരാജന്. അനു സിത്താര, പോളി വില്‍സണ്‍ , ദീപക് പറമ്പോള്‍, നോബി മാര്‍ക്കോസ്, ഇര്‍ഷാദ്, നന്ദനുണ്ണി തുടങ്ങിയവർ മറ്റു വേഷങ്ങളിൽ. ഛായാഗ്രഹണം സന്തോഷ് അണിമ. തലയോലപ്പറമ്പിലായിരുന്നു ചിത്രീകരണം. പ്രണയം തുടരുന്നു സിനിമയിലെ വേഷം മുംബൈ ജാഗ്രൺ ഫിലിം ഫെസ്റ്റിവലിൽ ബെസ്റ്റ് ആക്ടർ പുര സ്കാരം ജയരാജനു സമ്മാനിച്ചു.
ഓളവും തീരവും, നടികർ
എംടിയുടെ ഓളവും തീരവും സിനിമയില്‍ നിലമ്പൂര്‍ ബാലന് ചെയ്ത മൂപ്പൻ എന്ന വേഷമാണ് പ്രിയര്ശന്റെ റീമേക്കില്‍ ജയരാജന്. മോഹന്‍ലാലുമായി കോംബിനേഷന്‍. ക്രിസ്റ്റഫറാണ് അടുത്തിടെ ജയരാജന് വേഷമിട്ട മമ്മൂട്ടിസിനിമ. അതില്‍ പത്ര ഫോട്ടോഗ്രഫർ. ആഷിക് അബുവിന്റെ നീലവെളിച്ചത്തില്‍ പോസ്റ്റ്മാൻ. ഐശ്വര്യലക്ഷ്മി സിനിമ കുമാരിയില്‍ അടിമകളുടെ മൂപ്പൻ. അന്ധകാരയിൽ സെക്യൂരിറ്റി വേഷം.
ഹരികുമാറിന്റെ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ, ജലധാര പമ്പുസെറ്റ്, ജോയ് മാത്യുവിന്റെ സ്ക്രിപ്റ്റിൽ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ തുടങ്ങിയവയാണ് ജയരാജന്റെ അടുത്തിടെ റിലീസായ സിനിമകൾ. ആനന്ദപുരം ഡയറീസ്, കനോലി ബാൻഡ് സെറ്റ്, ടോവിനോ ചിത്രം നടികർ, തോമസ് സെബാസ്റ്റ്യന്റെ അംഅ, ഒരു ജാതി ജാതകം, ജിസ് ജോയ് സിനിമ തലവൻ, ഒരു ഇടുക്കി സംഭവം, ജോയ് ഫുൾ എൻജോയ് എന്നിവയാണ് ജയരാജന്റെ അടുത്ത റിലീസുകൾ.
ടി.ജി. ബൈജുനാഥ്