കോഴിക്കോട്: നവകേരള സദസ് വൻ വിജയമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും അവകാശപ്പെടുമ്പോൾ പരാതി പരിഹാരത്തിന് ഒച്ചിഴയും വേഗം. കോഴിക്കോട് ലഭിച്ച പരാതികളില്‍ രണ്ട് ശതമാനത്തിനുപോലും ഇതുവരെ തീര്‍പ്പായിട്ടില്ല.
45,897 നിവേദനങ്ങളില്‍ 733 എണ്ണം മാത്രമാണ് നിലവിൽ പരിഹരിക്കാനായത്. പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് അയച്ചു എന്ന മറുപടികളും പരിഹരിക്കപ്പെട്ടെന്ന കണക്കില്‍പ്പെടുന്നുണ്ട് എന്നതിനാൽ പരിഹരിച്ചവയുടെ എണ്ണം ഇതിലും കുറയും.
പെട്ടെന്ന് തീര്‍ക്കാവുന്ന പരാതികളില്‍ രണ്ടാഴ്ചയ്ക്കകം പരിഹാരമാകുമെന്നും കൂടുതല്‍ നടപടിക്രമങ്ങള്‍ വേണ്ടവയില്‍ നാലാഴ്ച പിടിക്കുമെന്നും സംസ്ഥാന തലത്തില്‍ തീര്‍പ്പാക്കേണ്ടവയാണെങ്കില്‍ പരമാവധി 45 ദിവസത്തിനുള്ളില്‍ തീര്പ്പാക്കുമെന്നുമായിരുന്നു നവകേരള സദസില്‍ പരാതിയുമായി എത്തിയവര്‍ക്കു നൽകിയ ഉറപ്പ്.
കോഴിക്കോട് ജില്ലയിൽ ആകെ ലഭിച്ചവയില്‍ 15,649 പരാതികള്‍ തദ്ദേശ സ്ഥാപനങ്ങള്‍ തീരുമാനമെടുക്കണ്ടവയാണ്. ജില്ലയിലെ ഭൂരിഭാഗം തദ്ദേശ സ്ഥാപനങ്ങളിലും അധികാരത്തില്‍ ഭരണ മുന്നണിയാണെങ്കിലും പരിഹാരമായത് വെറും 36 എണ്ണം മാത്രം.
1637 എണ്ണം സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കേണ്ടവയാണ്. ഇവയൊന്നും പരിഹരിക്കപ്പെട്ടിട്ടില്ല. 34 പരാതികള്‍ വ്യക്തതയില്ലാത്തതോ അപൂര്‍ണമോ ആണ്. പരാതികളുടെ ബാഹുല്യം കാരണമാണ് പരിഹാര നടപടികള്‍ നീണ്ടുപോകുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
ജില്ലാ അദാലത്തുകളില്‍ സാധാരണഗതിയില്‍ പരമാവധി 3,000ത്തോളം പരാതികള്‍ മാത്രമേ ലഭിക്കാറുള്ളു. എന്നാല്‍ നവകേരള സദസില്‍ ലഭിച്ചത് ഇതിന്റെ 15 ഇരട്ടി വരും. ജനുവരി അവസാനത്തോടെ തീര്‍പ്പാക്കാനാകുമെന്നാണ് കരുതുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.