സ്വന്തം ലേഖിക
കോഴിക്കോട്: നഗരത്തിന്റെ പേര് കേട്ട് പെരുമകളിൽ ഒന്നായ കോഴിക്കോട്ടെ ഓട്ടോ ഡ്രൈവർമാരുടെ നന്മ പഴംങ്കഥയാകുന്നു. ഇതരജില്ലക്കാർ മനസ്സറിഞ്ഞ് അംഗീകരിച്ചുതരുന്ന ഒന്നായിരുന്നു ഇവിടത്തെ ഓട്ടോക്കാർ യാത്രക്കാരോട് ഡ്രൈവർമാർ വച്ച് പുലർത്തുന്ന അനുകന്പയും ജോലിയോടുള്ള ആത്മാർത്ഥതയും.
എന്നാൽ ഓട്ടോകാർക്കിടയിലെ ചില ന്യൂജനറേഷൻ ഡ്രൈവർമാർ ഈ സൽപ്പേര് ഇല്ലാതാക്കുന്ന പ്രവർത്തികളാണ് ചെയ്ത്കൊണ്ടിരിക്കുന്നത്. സ്ഥലം പരിചയമില്ലാത്ത ആളുകളാണ് സവാരി വിളിക്കുന്നതെന്ന് മനസിലായി കഴിഞ്ഞാൽ വായിൽ തോന്നുന്ന കൂലി കണ്ണും പൂട്ടി വാങ്ങുന്നത് ഒരു നിത്യസംഭവമായിരിക്കുകയാണ്. മാധ്യമപ്രവർത്തകയും തൃശ്ശൂർ സ്വദേശിയുമായ ഒരു പെണ്കുട്ടിയാണ് കോഴിക്കോട്ടെ ഒരു ഓട്ടോക്കാരനിൽ നിന്നുമുണ്ടായ ദുരനുഭവം രാഷ്ട്രദീപികയോട് പങ്കുവെച്ചത്.
ഹർത്താൽ ദിവസം പുതിയസ്റ്റാൻഡ് നിന്നും ബീച്ചിലെ ഒരു കടയിലേക്ക് ഓട്ടം വിളിച്ച യുവതിയോട് 20 മിനിറ്റിനുള്ള വെയിറ്റിങ്ങ് ചാർജും മടക്കയാത്രയുടെ ചാർജുമടക്കം 270 രൂപയാണ് ഡ്രൈവർ ഈടാക്കിയത്. ഓട്ടോയുടെ നിരക്കുകൾ പ്രകാരം 15 മിനിറ്റ് വെയിറ്റിങ്ങ് ചാർജ് 10 രൂപയാണ്. മിനിമം ഓട്ടോചാർജ് 20 രൂപയും.പിന്നീട് വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപയാണ് ഈടാക്കുക. എന്നാൽ ഇവിടെ വെയിറ്റിങ്ങ് ചാർജായി 50 രൂപയും മൂന്ന് കിലോമീറ്ററിൽ കുറഞ്ഞ യാത്രക്ക് റിട്ടേണ് അടക്കം 220 രൂപയുമാണ് ഓട്ടോക്കാരൻ വാങ്ങിയത്. സഥലം പരിചയമില്ലെങ്കിലും ഇത്രകുറച്ച് ഓടിയതിന് 270 രൂപ അധികമാണെന്ന് അഭിപ്രായപ്പെട്ട യാത്രക്കാരിയോട് ഹർത്താലിന് മീറ്ററിടാറില്ലെന്നും ഞങ്ങൾക്ക തോന്നിയത് പോലെയാണ് ചാർജ് വാങ്ങുക എന്നുള്ള ധാർഷ്ഠ്യം നിറഞ്ഞ മറുപടിയാണ് ലഭിച്ചത്.
വേണമെങ്കിൽ കൊണ്ട് പോയി കേസ് കൊടുത്തോ എന്ന രീതിയിലുള്ള പരിഹാസവും നേരിടേണ്ടി വന്നുവെന്ന് യുവതി പറയുന്നു. ഓട്ടോക്കാരനിൽ നിന്നും തനിക്കുണ്ടായ ദുരനുഭവം യുവതി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയും കളക്ടർക്ക് സന്ദേശമയക്കുകയും ചെയ്തു. അടുത്ത ദിവസം പോലീസ് സ്റ്റേഷനിലെത്തി ഓട്ടോനന്പർ നൽകി പരാതിപ്പെട്ടു. പോലീസിന് മുന്നിൽ പല വാദങ്ങളും നിരത്താൻ ഓട്ടോക്കാരൻ ശ്രമിച്ചെങ്കിലും അന്യായമായി വാങ്ങിയ കൂലി തിരിച്ച് നൽകേണ്ടി വന്നു. രാത്രി 10 ന് ശേഷമുള്ള ഓട്ടത്തിന് മാത്രമെ ഡബിൾ ചാർജ് വാങ്ങാൻ പാടുള്ളു. ഹർത്താലിന് അധിക കൂലി വാങ്ങാൻ പാടില്ലെന്ന ഓട്ടോസംഘടനകളുടെ നിയമം നിലനിൽക്കെയാണ് ന്യായീകരിക്കാൻ കഴിയാത്ത വിധത്തിൽ ചില ഓട്ടോക്കാർ അമിത ചാർജ് ഈടാക്കുന്നത്.
ചെറിയ ഓട്ടങ്ങൾക്ക് വിളിക്കുന്ന യാത്രക്കാരെ അവഗണിക്കുക, ലഗേജിന് അന്യായക്കൂലി വാങ്ങുക, ഓട്ടം വിളിക്കുന്നവർ സാന്പത്തികശേഷിയുള്ളവരൊണന്ന് കണ്ടാൽ അധികകൂലി വാങ്ങുക എന്നിങ്ങനെ നിരവധി പരാതികളാണ് ഇത്തരം ചില ഓട്ടോക്കാരെ കുറിച്ച് കേൾക്കുന്നത്. പത്തും ഇരുപത് രൂപ അധികം വാങ്ങിയാലും ആരും പരാതിപ്പെടാൻ മെനക്കെടില്ലെന്ന ധൈര്യമാണ് പലരെയും ഇത്തരം അന്യായത്തിന് പ്രേരിപ്പിക്കുന്നത്.
സിസി ഇല്ലാതെ ഉൾപ്രദേശങ്ങളിൽ മാത്രം ഓട്ടം നടത്തുന്ന ചില ഓട്ടോക്കാർ യാതൊരു വ്യവസഥയുമില്ലാതെയാണ് കൂലി വാങ്ങുന്നതെന്നും ആക്ഷേപമുണ്ട്. എന്നാൽ സ്ത്രീകളോട് മാന്യമായി പെരുമാറുകയും, വഴിയറിയാത്തവരെ കൃത്യമായി സ്ഥലത്തെത്തിക്കുകയും, അന്യായ കൂലി ആഗ്രഹി്ക്കാതെ നടന്നുപോകാനുള്ള ദൂരമേയുള്ളു വെുതെ കാശ് കളയണ്ട എന്ന് അനുകന്പയോടെ പറയുകയും ചെയ്യുന്ന ഓട്ടോചേട്ടന്മാരെ കോഴിക്കോടിന് ഇപ്പോഴും കൈമോശം വന്നിട്ടില്ല. ഇവർക്ക് പേരുദോഷം ഉണ്ടാക്കുന്ന ഒരു വിഭാഗത്തിനാണ് മാതൃകാപരമായ ശിക്ഷ ലഭിക്കേണ്ടത്.