കോഴിക്കോട്: സംസ്ഥാനത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ നിയന്ത്രണങ്ങളോടെ തുറക്കാന്‍ തീരുമാനമായെങ്കിലും കോഴിക്കോട് ബീച്ച് തുറക്കുന്നതില്‍ ആശങ്ക.
ഇന്നലെ മുതല്‍ ബീച്ചുകള്‍ തുറക്കുമെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അറിയിപ്പ് വന്നെങ്കിലും കോഴിക്കോട് ബീച്ച് തുറക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഇതുവരേയും തീരുമാനമായിട്ടില്ല.
ഇന്നലെ രാവിലെ മുതല്‍ കോഴിക്കോട് ബീച്ചിലേക്ക് പൊതുജനങ്ങളെ പ്രവേശിപ്പിച്ചിരുന്നില്ല. അതേസമയം വൈകുന്നേരം അഞ്ചരയോടെ നിരവധി പേര് ബീച്ചില്‍ പ്രവേശിച്ചു. പോലീസ് തടഞ്ഞതുമില്ല.
പിന്നീട് 6.45 ഓടെ എല്ലാവരെയും പോലീസ് ബീച്ചില്‍ നിന്ന് ഒഴിപ്പിക്കുകയായിരുന്നു. ഇന്നും ബീച്ചിലേക്ക് പ്രവേശിക്കാനുള്ള അനുമതി നല്‍കിയിട്ടില്ല.
കോഴിക്കോട് ബീച്ചില്‍ തല്ക്കാലം ആളുകളെ പ്രേവശിപ്പിക്കേണ്ടെന്നാണ് തീരുമാനമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന ഉേദ്യാഗസ്ഥരുടെ യോഗം തീരുമാനിച്ചിരുന്നു. പക്ഷെ ഇതു സംബന്ധിച്ച് ഉത്തരവിറങ്ങിയിട്ടില്ല.
പോലീസിനും ഇതുസംബന്ധിച്ച് കൃത്യമായ നിര്‍ദേശം ലഭിച്ചിട്ടില്ല. ആളുകളെ ബീച്ചിലേക്ക് പ്രവേശിപ്പിക്കാന്‍ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ നിയന്ത്രണം തുടരാനാണ് തീരുമാനം. നാളെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുമെന്നാണ് പോലീസ് പറയുന്നത്.