കോഴിക്കോട്: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് കടല്കാണാനെത്തിയാല് ‘ലോക്കാവും. ഒരാഴ്ചക്കുള്ളില്‍ കോഴിക്കോട് സൗത്ത് ബീച്ചില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കടല്‍കാണാനും കാറ്റുകൊള്ളാനുമെത്തിയ 20 പേര്‍ക്കെതിരേയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.
ഇവരെത്തിയ ബൈക്കും കാറുമുള്‍പ്പെടെ 16 വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതി മുഖാന്തിരമാണ് വാഹനങ്ങള്‍ വിട്ടു നല്‍കുന്നത്. കോവിഡ് 19 പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 10,000 രൂപ പിഴയും രണ്ടുവര്‍ഷം തടവുമാണ് ശിക്ഷ. ഇതിന് പുറമേ ഐപിസി വകുപ്പുകള്‍ കൂടി ചുമത്തിയാണ് പോലീസ് കേസെടുക്കുന്നത്.
പൊതുഗതാഗത സംവിധാനം പുനരാരംഭിക്കുകയും ആരാധനാലയങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ചെയ്തതോടെയാണ് ജനങ്ങള്‍ പൊതുഇടങ്ങളിലേക്ക് കൂടുതലായും എത്തുന്നത്. പോലീസ് സൗത്ത് ബീച്ചില്‍ നിരീക്ഷണം കര്‍ശനമാക്കിയതോടെ ആളുകള്‍ ലയണ്‍സ് പാര്‍ക്കിലും ഭട്ട്റോഡ് ഭാഗത്തുമാണ് കൂടുതലായും എത്തുന്നത്.
ഇന്ന് മുതല്‍ വെള്ളയില്‍ പോലീസും ഇവിടെ പരിശോധന ശക്തമാക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും. കൊറോണ രോഗവ്യാപന പ്രതിരോധനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന് കീഴിലുളള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മാര്‍ച്ച് 14 നാണ് അടച്ചു പൂട്ടിയത്.
കോഴിക്കോട് ഭട്ട്റോഡ് ബീച്ച്, കോഴിക്കോട് സൗത്ത് ബീച്ച്, കോഴിക്കോട് ബീച്ച്, കാപ്പാട് ഒന്ന്, രണ്ട് ബീച്ച്, ബേപ്പൂര്‍ ബീച്ച്, സരോവരം ബയോ പാര്‍ക്ക്, തുഷാരഗിരി, പെരുവണ്ണാമുഴി, വയലട, അരിപ്പാറ, നമ്പികുളം, വടകര സാന്‍ഡ്ബാങ്ക്സ് ബീച്ച് എന്നീ വിനോദകേന്ദ്രങ്ങളാണ് അടച്ചത്.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ വരുത്തുന്നുണ്ടെങ്കിലും വിനോദസഞ്ചാരമേഖലകളില്‍ ഏര്‍പ്പെടുത്തിയ ഇളവുകള്‍ ഇപ്പോഴും തുടരുന്നുണ്ട്.