സ്വന്തംലേഖകന്‍
കോഴിക്കോട്: കോഴിക്കോട് ഇരട്ടസ്ഫോടന കേസില്‍ ഇനി പിടിയിലാവാനുള്ളത് ഒരാള്‍ മാത്രം. ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അന്വേഷിക്കുന്ന കേസിലെ എട്ടാംപ്രതി കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് കൊയ്യം കെ.പി. യൂസഫിനെയാണ് പിടികൂടാനുള്ളത്. സ്ഫോടനത്തെ തുടര്‍ന്ന് ഇയാള്‍ വിദേശത്തേക്ക് കടക്കുകയായിരുന്നു. പിന്നീട് നാട്ടില്‍ എത്തിയിട്ടില്ലെന്നാണ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും കണ്ണൂര്‍ ജില്ലാ സ്പെഷല്‍ ബ്രാഞ്ചും സ്ഥിരീകരിക്കുന്നത്.
സ്ഫോടനം നടന്ന് 13 വര്‍ഷത്തിനു ശേഷം കേസിലെ രണ്ടാംപ്രതി തലശേരി ചെറുപറമ്പത്ത് ഉരക്കള്ളിയില്‍ മുഹമ്മദ് അസറിനെ ന്യൂഡല്‍ഹി വിമാനതാവളത്തില്‍ നിന്ന് എന്‍ഐഎ ഇന്നലെ പിടികൂടിയിരുന്നു. അസറും യൂസഫും തമ്മില്‍ ഇപ്പോഴും ബന്ധമുള്ളതായാണ് എന്‍ഐഎ സംശയിക്കുന്നത്. അസറിനെ ചോദ്യം ചെയ്യുന്നതിലൂടെ യൂസഫിനെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാമെന്നാണ് കരുതുന്നത്.
രണ്ടാംമാറാട് കാലാപത്തിലെ പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇരട്ട സ്ഫോടനം ആസൂത്രണം ചെയ്തതെന്നാണ് എന്‍ഐഎ കേസ്. ഇന്ത്യന്‍ മുജാഹിദീന്‍ കമാന്‍ഡറായിരുന്ന തടിയന്റവിട നസീറാണ് കേസിലെ ഒന്നാംപ്രതി. ബോംബ് നിര്‍മിച്ചത് അസറിന്റെ വീട്ടില്‍ വച്ചായിരുന്നു . 2007-ലാണ് അസര്‍ സൗദിയിലേക്ക് കടന്നത്. അസറിനേയും യൂസഫിനേയും പിടികൂടാന്‍ സാധിക്കാത്തതിനാല്‍ ഇരുവരേയും ഒഴിവാക്കിയായിരുന്നു എന്‍ഐഎ കോടതിയില്‍
വിചാരണ നടന്നത്. വിചാരണ നേരിട്ട നസീര്‍ , നാലാംപ്രതി ഷഹാസ് എന്നിവരെ കോടതി ശിക്ഷിച്ചിരുന്നു. അബ്ദുള്‍ ഹലീം, അബൂബക്കര്‍ യൂസഫ് എന്നിവരെ വിട്ടയച്ചു. ആറാംപ്രതിയായിരുന്ന കണ്ണൂര്‍ സ്വദേശി മുഹമ്മദ്ഫായിസ് കാശ്മീര്‍ അതിര്‍ത്തിയില്‍ സുരക്ഷാ സേനയുടെ വെടിയേറ്റു മരിച്ചു. 2006 മാര്‍ച്ച് മൂന്നിന് ഉച്ചയ്ക്ക് 12.55 നായിരുന്നു മാവൂര്‍റോഡിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനകത്ത് ആദ്യം സ്ഫോടനം നടന്നത്.
തുടര്‍ന്ന് പരിശോധന നടത്തവെ 1.15 ന് പുതിയ ബസ്റ്റാന്‍ഡ് പരിസരത്തും സ്ഫോടനം നടന്നു. ആര്‍ക്കും കാര്യമായ പരുക്കുകളുണ്ടായിരുന്നില്ല. രണ്ടുസംഘമായി പിരിഞ്ഞായിരുന്നു രണ്ടിടങ്ങളിലും സ്ഫോടനം നടത്തിയത്. ബോംബ് പൊട്ടുന്നതിനു നിമിഷങ്ങള്‍ക്ക് മുമ്പ് ചില മാധ്യമസ്ഥാപനങ്ങളിലേക്ക് ഫോണ്വിളിച്ചറിയിക്കുകയും ചെയ്തിരുന്നു. ഡിജിറ്റില്‍ ടൈമര്‍ ബോംബുകളായിരുന്നു രണ്ടിടത്തും ഉപയോഗിച്ചത്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. കേസില്‍ തീവ്രവാദ ബന്ധമുള്ളതിനാല്‍ 2009 ഡിസംബര്‍ 18 ന് എന്‍ഐഎ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.