കോഴിക്കോട്: ആരെയും ‘പിണക്കാതെ’ ഡിസിസി പട്ടിക പുറത്തിറക്കാന്‍ നിര്‍ദേശം വന്നതോടെ തയറാക്കുന്നത് ജംബോ പാനൽ പട്ടിക.
35 ഡിസിസി ഭാരവാഹികളെയും 26 ബ്ലോക്ക് പ്രസിഡന്റുമാരെയുമാണ് നിശ്ചയിക്കേണ്ടത്. ഇതിനുവേണ്ടി ഇരുനൂറില്‍ അധികം പേരുടെ പട്ടികയാണ് തയാറാക്കുന്നതെന്നാണ് അറിയുന്നത്.
സമവായ ചര്‍ച്ചകളില്‍ കെ. മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും എം.കെ.രാഘവനും ഉടക്കിയതോടെയാണ് ഇവരുടെ മനസറിഞ്ഞുകൊണ്ട് കൂടുതല്‍ പേരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഞങ്ങളായിട്ട് ഒന്നും പറയുന്നില്ല, പട്ടിക പുറത്തുവരട്ടെ എന്നിട്ടുനോക്കാം എന്നാണ് ഇവരുടെ നിലപാട്.
ഏകപക്ഷീയമായി ആദ്യം പട്ടിക തയാറാക്കിയതാണ് ജില്ലയിലെ മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചത്. നേതാക്കള്‍ ഇതിനെതിരേ പരസ്യമായി രംഗത്തെത്തി.
വിഷയം സംസ്ഥാനതലത്തില്‍ വിവാദമായതോടെ നേതാക്കളുമായി ചര്‍ച്ചനടത്താന്‍ ഡിസിസി നേതൃത്വം തയാറായി. എന്നാല്‍ ചര്‍ച്ചയിലെ നിർദേശങ്ങളോടു വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് മൂന്ന് നേതാക്കളും.
കഴിഞ്ഞ ദിവസം മുല്ലപ്പള്ളിയുമായി ജില്ലയുടെ സംഘടനാചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി കെ.കെ. ഏബ്രഹാമും ഡിസിസി പ്രസിഡന്റും സംസാരിച്ചെങ്കിലും മുല്ലപ്പള്ളി വീട്ടുവീഴ്ചയ്ക്കു തയാറായില്ല.
കെ. മുരളീധരനുമായി നേതൃത്വം ചര്‍ച്ചനടത്തിയെങ്കിലും ആരുടെയും പേര് നിര്‍ദേശിക്കാന്‍ അദ്ദേഹവും തയാറായില്ല. പട്ടിക പുറത്തുവന്ന ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് മുരളീധരന്.
എം.കെ. രാഘവനുമായി ശനിയാഴ്ച രാവിലെ ചര്‍ച്ചനടന്നെങ്കിലും ഉദ്ദേശിച്ചഫലം ഉണ്ടായില്ല. പട്ടികയില്‍ സ്ത്രീകള്‍, യുവാക്കള്‍, പിന്നാക്ക വിഭാഗങ്ങള്‍, എന്നിവര്‍ക്ക് മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തിയാണ് പുതിയ കമ്മിറ്റികള്‍ നിലവില്‍ വരേണ്ടത്.
വലിയ പട്ടികയില്‍നിന്നും ഹൈക്കമാന്‍ഡ് മാര്‍ഗനിര്‍ദേശമനുസരിച്ച് ഭാരവാഹികളെ കണ്ടെത്തുക എന്നത് വലിയ ബുദ്ധിമുണ്ടാകും കെപിസിസി നേതൃത്വത്തിന് സൃഷ്ടിക്കുക.