കോഴിക്കോട്: പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ എസ്കലേറ്ററും നഗരത്തിലെ 32 ബസ് ഷെല്‍ട്ടറുകളും നടത്തിപ്പിനു കരാര്‍ നല്കിയ ഇനത്തില്‍ കോര്പറേഷന് വന്‍ നഷ്ടം.
സിപിഎമ്മിലെ ഉന്നതരുമായി ബന്ധമുള്ളവര്‍ക്കാണ് കരാര്‍ നല്‍കിയതെങ്കിലും കരാര്‍ തുക അവര്‍ തിരിച്ചടയ്ക്കാത്തതാണ് കോര്‍പറേഷനെ വെട്ടിലാക്കിയിരിക്കുന്നത്. തുക തിരിച്ചുകിട്ടാന്‍ നിയമ നടപടികളിലേക്കും കടന്നിട്ടില്ല.
പുതിയ സ്റ്റാന്‍ഡിനു സമീപത്തെ എസ്കലേറ്റര്‍ നടത്തിപ്പിനു നല്കി പകരം പരസ്യം സ്ഥാപിക്കാനുള്ള കരാര്‍ ആര്.പി. അമര്‍ എന്നയാള്‍ക്കാണ് നല്‍കിയിരുന്നത്.
പത്തു ലക്ഷത്തിലധികം രൂപ കുടിശിക വന്നപ്പോള്‍ എസ്കലേറ്റര്‍ നടത്തിപ്പ് കോര്പറേഷന് തിരിച്ചെടുത്തു. എന്നാല്‍ കരാറുകാരന് ഡെപ്പോസിറ്റ് തുക നല്‍കിയിരുന്നില്ല.
കുടിശിക തുക കിട്ടാന്‍ റവന്യൂ റിക്കവറി നടപടികളിലേക്കു കടക്കാനാണ് കോര്പറേഷന് തീരുമാനം.32 ബസ് ഷെല്‍ട്ടറുകളുടെ നടത്തിപ്പ് കരാര്‍ നല്‍കിയിരുന്നത് സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദരന് എ.എന്‍. ഷാഹിദിനായിരുന്നു.
ഷാഹിദിന്റെ പവര്‍ ഓഫ് അറ്റോണി പ്രകാരം അമര്‍ തന്നെയാണ് ഇതുംനടത്തിയിരുന്നത്. പത്തു വര്‍ഷത്തേക്കാണ് കരാര്‍. ഒരു ഷെല്‍ട്ടറിനു 13,500 രൂപ വീതം പ്രതിവര്‍ഷം 4.32 ലക്ഷം രുപ യാണ് കരാറുകാരന് അടയ്ക്കേണ്ടത്.
എന്നാല്‍ പണം കൃത്യമായി അടയ്ക്കാന്‍ കരാറുകാന് തയാറായില്ല. പത്തു ലക്ഷത്തിലധികം രൂപ കുടിശികയായി. കോര്പറേഷന് നോട്ടീസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കരാറുകാരന് ചെക്ക് നല്കി.
ഇതു ബാങ്കില്‍ നല്കിയപ്പോള് പണമില്ലാത്തതിനാല്‍ മടങ്ങി. വണ്ടിച്ചെക്ക് നല്കി മാസങ്ങള്‍ പിന്നിട്ടിട്ടും കരാറുകാര്‍ക്കെതിരേ നിയമനടപടികളിലേക്ക് കോര്പറേഷന് കടന്നിട്ടില്ല.