കോഴിക്കോട്: കോര്‍പറേഷനിലേക്ക് സ്ഥിരനിയമനത്തിനായുള്ള സെലക്ഷന് കമ്മിറ്റിയിലുള്പ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകരെ. കോഴിക്കോട് കോര്പറേഷന് ഐസിഡിഎസ് അര്‍ബണ്‍ ഒന്ന് പ്രൊജക്ടിലെ 43 ഹെല്‍പ്പര്‍മാരുടെ ഒഴിവിലേക്കാണ് സ്ഥിരനിയമനം നടത്തുന്നത് സെലക്ഷന് കമ്മിറ്റി രൂപീകരിച്ചത്. മുന്‍കൗണ്‍സിലര്‍മാരും സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകരുമായ കാനങ്ങോട്ട് ഹരിദാസന്, കെ.സീനത്ത്, എം.റിയാസ് എന്നിവരെയാണ് സാമൂഹ്യപ്രവര്‍ത്തകരെന്ന പേരില്‍ സെലക്ഷന് കമ്മിറ്റിയിലേക്ക് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
അതേസമയം സ്ഥിരനിയമനത്തിന് ലക്ഷങ്ങള്‍ കൈക്കൂലി വാങ്ങുന്നതിന് വേണ്ടിയാണ് കോര്പറേഷന് ഭരിക്കുന്ന പാര്‍ട്ടിയുടെ തന്നെ അംഗങ്ങളെ സെലക്ഷന് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് പ്രതിപക്ഷംആരോപിക്കുന്നു. കമ്മിറ്റയില്‍ ഉള്‍പ്പെടുത്തിയവരില്‍ ഒരാള്‍ മുമ്പും അഴിമതി ആരോപണത്തിലുള്പ്പെട്ടിട്ടുണ്ട്.
മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുള്ളവരേയും സാമൂഹ്യരംഗത്തുള്ളവരേയും ഉള്‍പ്പെടുത്താതെ സെലക്ഷന് കമ്മിറ്റി രൂപീകരിച്ചതിനെതിരേ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഇന്ന് ചേരുന്ന കൗണ്‍സിലില്‍ വിഷയം ആളിക്കത്തിക്കാനും പ്രതിഷേധിക്കാനുമാണ് തീരുമാനിച്ചത്.
നിലവില്‍ 43 ഒഴിവുകളാണുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സിപിഎം അനുഭാവികള്‍ക്കും നേതാക്കളുടെ ശിപാര്ശയുള്ളവര്ക്കും മാത്രമേ സ്ഥിരനിയമനം ലഭിക്കുകയുള്ളൂ. അല്ലാത്തവര്‍ക്കൊന്നും തന്നെ നിയമനം ലഭിക്കില്ല. മേയര്‍ ചെയര്‍മാനും ശിശുവികസന പദ്ധതി ഓഫീസര്‍ കണ്‍വീനറുമായുള്ള കമ്മിറ്റിയില്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അംഗം, ബിഡിഒ, പ്രൈമറി ഹെല്‍ത്ത്സെന്ററിലെ മെഡിക്കല്‍ ഓഫീസര്‍, ഐസിഡിഎസ് ജില്ലാതല സെല്‍ പ്രോഗ്രാം ഓഫീസര്‍മാര്‍ എന്നിവരും അംഗങ്ങളാണ്. ഇവര്‍ക്ക് പുറമേയാണ് മൂന്ന് സാമൂഹ്യപ്രവര്‍ത്തകരെ കൂടി ഉള്‍പ്പെടുത്തുന്നത്.