കോഴിക്കോട്: നൂറ്റാണ്ടുകളുടെ ചരിത്രമേറിയ കോഴിക്കോട് കടല്പാലം ഇനി ഓര്മ. കോഴിക്കോട് തുറമുഖത്തിന്റെ പ്രതാപകാലത്ത് നിര്‍മിച്ച തെക്ക് ഭാഗത്തുള്ള കടല്പാലം ഇന്ന് പുലര്‍ച്ചെയോടെയാണ് പൊളിച്ചു മാറ്റിയത്. ഇന്നലെ രാത്രിയില്‍ കടല്പാലത്തിന്റെ ഒരു സ്ലാബ് അടര്‍ന്ന് വീണ് 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് പാലം പൊളിച്ചു നീക്കാന്‍ ജില്ലാ കളക്ടര്‍ സാംബവശിവ റാവു ഉത്തരവിട്ടത്.
തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ നാലരയോടെ ജില്ലാ കളക്ടര്‍, റീജണല്‍ ഫയര്‍ഓഫീസര്‍ അബ്ദുള്‍റഷീദ്, ജില്ലാ ഫയര്‍ ഓഫീസര്‍ ടി. രജീസ്, ബീച്ച് സ്റ്റേഷന് ഓഫീസര്‍ പാനോത്ത് അജിത്കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ 20 അംഗ ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ പാലം പൊളിച്ചു മാറ്റുകയായിരുന്നു. പാലത്തിന്റെ സ്ലാബുകള്‍ തീരത്ത് നിന്ന് അല്പം മാറ്റിയാണിട്ടിരിക്കുന്നത്. പൈതൃകം നിലനിര്‍ത്തുന്നതിനായി കടല്പാലത്തിന്റെ ഏതാനും തൂണുകള്‍ മാത്രമാണ് അവശേഷിപ്പിച്ചത്.
ബാക്കിയുള്ള ഭാഗങ്ങളെല്ലാം പൂര്‍ണമായും നീക്കിയെന്ന് ഫയര്‍ഫോഴ്സ് അറിയിച്ചു. ഏഴരയോടെയാണ് ദൗത്യം പൂര്‍ത്തീകരിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ടേഴ്സിന്റെ പൊക്ലൈനും ജെസിബിയും പാലം പൊളിച്ചു മാറ്റുന്നതിനായി ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് രാജ്യത്തിന്റെ പലഭാഗങ്ങളില്‍ നിന്നും ധാന്യങ്ങളും മറ്റും എത്തിച്ചിരുന്നത് ഈ കടല്പാലം വഴിയായിരുന്നു.
ചരക്കുമായി എത്തുന്ന മഞ്ചികള്‍ പുറംകടലില്‍ നങ്കൂരമിടും. അവിടെ നിന്ന് ചെറിയ വള്ളങ്ങളിലാക്കിയാണ് ചരക്ക് കരക്കെത്തിച്ചിരുന്നത്. ചരക്കിറക്കാനും കയറ്റാനുമുള്ള ക്രെയിന്‍ ഘടിപ്പിക്കുന്നതിനായാണ് പാലങ്ങള്‍ നിര്‍മിച്ചിരുന്നത്. നാട്ടുരാജാക്കന്മാരുടെ കാലത്തായിരുന്നു ഇതെല്ലാം നടന്നത്. പിന്നീട് ബ്രിട്ടീഷ് ഭരണം വന്നതോടെ റെയില്‍ഗതാഗതം ഒരുക്കി. ഇതോടെ ചരക്കുഗതാഗതം ട്രയിന്മാര്ഗമായി മാറുകയും ചെയ്തതോടെ കടല്പാലം ഉപയോഗശൂന്യമായി.
എന്നാല്‍ ഏറ്റവും പുരാതനവും ചരിത്രശേഷിപ്പുമായ കടല്പാലം സംരക്ഷിക്കാന്‍ അധികൃതര്‍ തയാറായില്ല. കടലില്‍ നിന്ന് 250 മീറ്റര്‍ നീളത്തിലുണ്ടായിരുന്ന കടല്പാലം പിന്നീട് നശിച്ചു തുടങ്ങി. തൂണുകള്‍ തുരുമ്പെടുത്ത് ദ്രവിച്ച നിലയിലായിരുന്നു നിലവില്‍ കടല്പാലമുണ്ടായിരുന്നത്.
പാലം അപകടത്തിലായതു മുതല്‍ ഇവിടെ മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ ആളുകള്‍ പാലത്തിന് മുകളില്‍ കയറിയും അടിയിലെത്തിയും ഫോട്ടോ എടുക്കല്‍ പതിവാക്കി. ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദേശം പോലും വകവയ്ക്കാതെയാണ് ആളുകള്‍ കടല്പാലത്തില് എത്തിയിരുന്നത്.