സ്വന്തം ലേഖകന്‍
കോഴിക്കോട്: കോഴിക്കോട് ഇടവേളയ്ക്കുശേഷം നഗരത്തിലേക്ക് വീണ്ടും മയക്കുമരുന്നിന്റെ ഒഴുക്ക്. മുറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യാപകമായി കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ ജില്ലയിലേക്ക് എത്തുന്നതായാണ് പോലീസിന് വിവരം ലഭിച്ചത്.
കഞ്ചാവ് വില്‍പ്പന വലിയതോതില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നുണ്ട്. കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ചും ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചുമാണ് വില്‍പ്പന. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഇവര്‍ തന്നെ ഇത് സഹപാഠികള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കുകയും ചെയ്യുന്നു. ഒരിക്കല്‍ പോലീസ് പിടികൂടിയവര്‍ തന്നെ വീണ്ടും പുറത്തിറങ്ങി വില്‍പ്പന നടത്തുന്നു.കോഴിക്കോട് നഗരത്തില്‍ മൂന്ന് വ്യത്യസ്ത കേസുകളിലായി 4.73 കിലോ കഞ്ചാവാണ് കഴിഞ്ഞ ദിവസം പിടികൂടിയത്. മൂന്നുപേര്‍ അറസ്റ്റിലാവുകയും ചെയ്തു.
ഇവര്‍ മൂന്നുപേര്‍ക്കെതിരേയും മുന്‍പും സമാന കുറ്റത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പയ്യാനക്കല്‍ എംപി.ഹൗസില്‍ എം.പി.അന്‍വര്‍ സാദത്ത് എന്ന റൂണി(26), പന്തീരങ്കാവ് പുത്തൂര്‍മഠം കുഴിപ്പള്ളിമീത്തല് മുഹമ്മദ് യൂനസ്(36), വെള്ളിമാടുകുന്ന് മുരിങ്ങയില്‍ പൊയില്‍ പ്രിന്‍സ് (32) എന്നിവരെയാണ് ജില്ലാ ആന്റിനാര്‍കോട്ടിക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും (ഡന്‍സാഫ്) ടൗണ്‍ , കസബ പോലീസും, ക്രൈംസ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്.
ശനിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് കോഴിക്കോട് റെയില്‍വേ രണ്ടാംഗേറ്റ് പരിസരത്തുവെച്ച് 2.30 കിലോഗ്രാം കഞ്ചാവ് സഹിതം അന്‍വര്‍ സാദത്ത് പിടിയിലാവുന്നത്. എസ്ഐ സുഭാഷ് ചന്ദ്രന്റെ നേതൃത്വത്തില്‍ ടൗണ്‍ പോലീസും, ഡന്‍സാഫ് അംഗങ്ങളും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്.
അന്‍വറിന്റെ സ്കൂട്ടറില്‍ നിന്നും 123 ചെറു പാക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് പോലീസ് കണ്ടെടുത്തു. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുമെത്തിക്കുന്ന കഞ്ചാവ് നഗരത്തില്‍ മൊത്തമായും ചില്ലറയായും കഞ്ചാവ് വില്പന നടത്തുന്നയാളാണ് അന്‍വറെന്ന് പോലീസ് അറിയിച്ചു. പന്നിയങ്കര, നല്ലളം സ്റ്റേഷനുകളില്‍ മുമ്പ് രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസുകളില്‍ ഇയാള്‍ പ്രതിയാണ്.
ശ്രീകണ്ഠേശ്വര ക്ഷേത്രപരിസരത്ത് നിന്നാണ് 1.30 കിലോ കഞ്ചാവ് സഹിതം മുഹമ്മദ് യൂനസിനെ കസബ പോലീസും സൗത്ത് എസിപിയുടെ കീഴിലുള്ള ക്രൈംസ്ക്വാഡും ചേര്‍ന്ന് പിടികൂടുന്നത്. സ്കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് സ്കൂട്ടറിലെത്തി ആവശ്യക്കാര്‍ക്ക് സഹായി മുഖാന്തിരം കഞ്ചാവ് വിതരണം ചെയ്യുന്നയാളാണ് യൂനസെന്ന് പോലീസ് അറിയിച്ചു. ആവശ്യക്കാരനെന്ന വ്യാജേന വലിയ തുക വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തിയശേഷമാണ് പോലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്യുന്നത്.
യൂനസിന്റെ കൂട്ടാളിയെ രണ്ട് മാസം മുമ്പ് രണ്ട് കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. പാലക്കാട്ട് ആന പാപ്പാനായി ജോലി ചെയ്തിരുന്ന യൂനസിനെതിരെ പാലക്കാട് എക്സൈസില്‍ പത്ത് കിലോ കഞ്ചാവ് കടത്തിയ കേസ് നിലവിലുണ്ട്.
ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനു സമീപത്തെ കടവരാന്തയില്‍ നിന്നാണ് പ്രിന്‍സിനെ 1.13 കിലോഗ്രാം കഞ്ചാവുമായി കസബ പോലീസും ഡന്‍സാഫും ചേര്‍ന്ന് പിടികൂടിയത്. പാളയം,ശ്രീകണ്ഠേശ്വരം ക്ഷേത്രപരിസരം എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ചെറു പൊതികളാക്കി ചില്ലറ വില്‍പ്പന നടത്തുകയാണ് പ്രിന്‍സിന്റെ രീതിയെന്ന് പോലീസ് അറിയിച്ചു.മധുരയില്‍ നിന്നാണ് ഇയാള്‍ കോഴിക്കോട്ട് കഞ്ചാവ് എത്തിച്ചിരുന്നത്.