സ്വന്തം ലേഖകന്‍
കോഴിക്കോട്: സ്ഥാനാര്‍ഥികളായതോടെ കോഴിക്കോട് ലോക്സഭാ മണ്ഡലം ആവേശത്തിന്റെ മീനച്ചൂടിലേക്ക്. നഗരവും ഗ്രാമവും ഒരുപോലെ തെരഞ്ഞെടുപ്പ് ചൂടിലമര്‍ന്നുകഴിഞ്ഞു. ഇടതുമുന്നണി സ്ഥാനാര്‍ഥിയായി എ. പ്രദീപ് കുമാറും യുഡിഎഫ്സ്ഥാനാര്‍ഥി എം.കെ.രാഘവനും എന്‍ഡിഎ സ്ഥാനാര്‍ഥിയായി കെ.പി. പ്രകാശ് ബാബുവുമാണ് മത്സര രംഗത്തുള്ളത്.
ആദ്യം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ഇടതുമുന്നണി നടത്തിയ നീക്കം തെരഞ്ഞെടുപ്പ് പ്രചരണത്തിലെ ആദ്യഘട്ടത്തില്‍ അവരെ മുന്നിലെത്തിച്ചു. എം.കെ.രാഘവന് തന്നെയാണ് സ്ഥാനാര്ഥിയെന്നറിയാമായിരുന്നുവെങ്കിലും ഹൈക്കമാന്‍ഡ് പ്രഖ്യാപനം വരുന്നതുവരെ കാത്തിരുന്നേശഷമാണ് മുഴുവന്‍ സമയ പ്രചാരണങ്ങള്‍ക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത്. ഇന്നുമുതല്‍ ബിജെപി സ്ഥാനാര്‍ഥിയും പ്രചരണം തുടങ്ങി. ഇതോടെ ക്ലാസിക് പോരാട്ടം നടക്കുന്ന മണ്ഡലമായി ഇതിനകം കോഴിക്കോട് മാറികഴിഞ്ഞു.
ഇരുമുന്നണികളിലെയും ജനപ്രിയ സ്ഥാനാര്‍ഥികള്‍ ഏറ്റുമുട്ടുന്ന മണ്ഡലത്തില്‍ ഇവരെ എതിരിടാനെത്തുന്നത് യുവത്വത്തിന്റെ പ്രതീകവും യുവമോര്‍ച്ച സമരമുഖങ്ങളിലെ സജീവ സാന്നിധ്യവുമായ കെ.പി. പ്രകാശ്ബാബുവാണ്. നേരത്തെ തന്നെ ഇദ്ദേഹമാകും സ്ഥാനാര്‍ഥിയെന്ന് ഉറപ്പായിരുന്നു. കോഴിക്കോട് പുത്തൂര്‍മഠം അമ്പിലോളിയിലാണ് ഇദ്ദേഹം താമസിക്കുന്നത്. ബിജെപിയുടെ ഭാവി വാഗ്ദാനമെന്ന അറിയപ്പെടുന്ന പ്രകാശ് ബാബു കൂടി കളത്തിലിറങ്ങിയതോടെ പോരാട്ടം അതിന്റെ എല്ലാ സീമകളും കടക്കുമെന്നറുപ്പായി.
പത്ത് വര്‍ഷം നടത്തിയ വികസന നേട്ടങ്ങളുടെ കണക്കെടുത്തുകൊണ്ടാണ് എം.കെ.രാഘവന് വീണ്ടും കോഴിക്കോടുകാരിലേക്ക് ഇറങ്ങിവരുന്നത്. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്, മെഡിക്കല്‍ കോളജ് തുടങ്ങിയ സാധാരണക്കാര്‍ ആശ്രയിക്കുന്നിടങ്ങളിലെ വികസന നേട്ടങ്ങളാണ് രാഘവന് ചൂണ്ടിക്കാട്ടുന്നത്. വികസനവുമായി ബന്ധപ്പെട്ട് പരസ്യ സംവാദത്തിന് അദ്ദേഹം എതിരാളികളെ വെല്ലുവിളിക്കുകയും ചെയ്യുന്നു.
യുഡിഎഫ് പാര്‍ലമെന്റ് മണ്ഡലം നിയമസഭാമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റിയും നിലവില്‍ വന്നുകഴിഞ്ഞു. ബൂത്ത് കണ്‍വന്‍ഷനുകള്‍ ഉടന്‍ തുടങ്ങും. പ്രചാരണം ഗ്രാമപ്രദേശങ്ങളിലേക്കും എത്തികഴിഞ്ഞു. മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്നും ലഭിക്കുന്നതെന്ന് രാഘവന് പറയുന്നു. സിപിഎമ്മില്‍ നിന്നും പിടിച്ചെടുത്ത മണ്ഡലത്തെ കണ്ണിലെ കൃഷ്ണമണിപോലെകാക്കുമെന്നാണ് രാഘവന് പറയുന്നത്.
സംഘടനാ മികവും സ്ഥാനാര്‍ഥിയുടെ മികവും സമം ചേരുന്ന കാഴ്ചയാണ് ഇടതു മുന്നണിയുടെ കാര്യത്തില്‍ കോഴിക്കോട് കണ്ടുകൊണ്ടിരിക്കുന്നത്. മുഹമ്മദ് റിയാസിനെയും വിജയരാഘവനെയും ഇറക്കിയിട്ടും രാഘവനെ തളയ്ക്കാന്‍ കഴിയാത്ത സിപിഎം ഇത്തവണ ഇറക്കിയിരിക്കുന്നത് പ്രവര്‍ത്തകരിലെയും സാധാരണക്കാര്ക്കിടയിലെയും ജനപ്രിയനായ എ.പ്രദീപ് കുമാറിനെയാണ്.
കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ ഇദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിനാകെ മാതൃകയാണെന്ന് എതിരാളികള്‍ പോലും ചുണ്ടിക്കാട്ടുന്നു. മണ്ഡലത്തിലെ സര്‍ക്കാര്‍ സ്കൂളുകള്‍ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച പ്രദീപ് കുമാര്‍ എന്ത് പരിപാടിയുടെയും സംഘടനാ രംഗത്ത് അമരത്തുണ്ടാകാറുണ്ട്.
അതുകൊണ്ടുതന്നെ നിലവിലെ എംപിയുടെയും എംഎല്‍എയുടെയും പോരാട്ടം കേരളത്തിന്റെയാകെ ജനശ്രദ്ധ ആകര്‍ഷിച്ചുകഴിഞ്ഞു. ആരു ജയിച്ചാലും വലിയ ഭൂരിപക്ഷം അവകാശപ്പെടാനുണ്ടാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
യുവമോര്‍ച്ചയുടെ സമരമുഖങ്ങളില്‍ പ്രകാശ് ബാബുവിനെ അറിയാത്തവരിലില്ല. കേന്ദ്ര ഭരണ നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് വോട്ട് നേടാനാണ് ശ്രമിക്കുകയെന്ന പ്രകാശ്ബാബു ചൂണ്ടികാണിച്ചുകഴിഞ്ഞു. ജില്ലയിലെ യുവാക്കളുടെ പിന്തുണ തനിക്കുണ്ടെന്നും മോദിയുടെ വ്യക്തി പ്രഭാവം വോട്ടാക്കി മാറ്റാന്‍ കഴിയുമെന്നും പ്രകാശ് ബാബു പറയുന്നു.
രണ്ട് ജനപ്രിയിസ്ഥാനാര്ഥികള്ക്കിടയില് മറ്റൊരു ‘ചോയ്സാ’വുകയാണ് പ്രകാശ് ബാബു എന്ന ചെറുപ്പക്കാരന് . ഇന്ന് രാവിലെ എട്ടിന് മാറാട്ബലിദാനികളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് മണ്ഡലം പര്യടനത്തിന് പ്രകാശ് ബാബു തുടക്കം കുറിച്ചുകഴിഞ്ഞു.