കോഴിക്കോട്: പ്രചാരണരംഗത്തെ ഇഞ്ചോടിഞ്ച് പേരാട്ടത്തിനൊപ്പം ഇനി നിയമയുദ്ധവും. കോഴിക്കോട് മണ്ഡലത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും നിയമയുദ്ധത്തിലേക്ക് കടക്കുകയാണ്. ഒളികാമറാ വിവാദമാണ് ഇപ്പോള്‍ പ്രചാരണരംഗം കൊഴുപ്പിക്കുന്നത്. എം.കെ.രാഘവന് പൂര്‍ണപിന്തുണയുമായി ഡിസിസി ഒപ്പം നില്ക്കുമ്പോള് ഒന്നിനു പിറകേ ഒന്നായി ആരോപണശരങ്ങള്‍ തൊടുക്കുകയാണ് സിപിഎം.
ഒളികാമറാ വിവാദവും കോലീബി സഖ്യവുമാണ് സിപിഎം ഇപ്പോള്‍ പ്രചാരണആയുധമാക്കുന്നത്. സ്വകാര്യചാനല്‍ പുറത്തുവിട്ട ഒളികാമറ ദൃശ്യത്തിന് പിന്നില്‍ സിപിഎം ജില്ലാ കമ്മിറ്റിയാണെന്ന എം.കെ.രാഘവന്റെ ആരോപണത്തിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചും നിയമപരമായ വഴിയും സിപിഎം നോക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിയാകട്ടെ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ജയിലിലുമാണ്. എന്തുകൊണ്ടും സംസ്ഥാന ശ്രദ്ധ ആകര്‍ഷിക്കുകയാണ് കോഴിക്കോട്ടെ പോരാട്ടം.
പുറത്തുവന്നസര്വേകളെല്ലാം എല്‍ഡിഎഫിനും യുഡിഎഫിനും ഒരേ രീതിയിലുള്ള സാധ്യതകളാണ് പ്രവചിക്കുന്നത്. അതുകൊണ്ടുതന്നെ ഇനിയുള്ള ദിവസങ്ങള്‍ ശക്തമായ ആരോപണ പ്രത്യാരോപണങ്ങളുടെ വേദിയാകും.കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവനും ബിജെപിയിലെ ചില നേതാക്കളും തമ്മില്‍ ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി എല്‍ഡിഎഫ് ഇതിനകം രംഗത്തെത്തികഴിഞ്ഞു.
കെ.രാഘവനെതിരെ ഉയര്‍ന്ന ഒളികാമറ വിവാദത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള ഉള്‍പ്പെടെയുള്ള നേതാക്കന്മാര് ഒഴിഞ്ഞുമാറിയതും ബിജെപിക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ വോട്ട് ലഭിച്ച നാല് മണ്ഡലങ്ങളില്‍ ഒന്നായ കോഴിക്കോട് ദുര്‍ബല സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് രാഘവനെ സഹായിക്കാനാണെന്നും സിപിഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ഇന്നലെ ആരോപിച്ചു.
പുറത്ത് വന്ന വീഡിയോ സംബന്ധിച്ച് എം.കെ.രാഘവന് നല്കിയ പരാതിയില്‍ പോലും അന്വേഷണസംഘവുമായി അദ്ദേഹം സഹകരിക്കാത്തത് തെരഞ്ഞെടുപ്പിന് മുമ്പ് വിശദപരിശോധന നടക്കരുതെന്ന ആഗ്രഹം കൊണ്ടാണെന്നും നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ പെട്ടെന്നുണ്ടായ വിവാദത്തില്‍ ആടിയുലഞ്ഞെങ്കിലും വ്യക്തമായ നിയമോപദേശം ലഭിച്ചതോടെ രാഘവന് പൂര്‍വാധികം ശക്തിയോടെ തന്നെ പ്രചാരണരംഗത്തെത്തികഴിഞ്ഞു.
വികസനനേട്ടങ്ങള്‍ എണ്ണിപറിഞ്ഞ് ആദ്യഘട്ടത്തില്‍ പ്രചാരണത്തിനിറങ്ങിയ രാഘവന് പക്ഷെ വിവാദങ്ങള്‍ തലപൊക്കിയതോടെ തല്‍ക്കാലത്തേക്കെങ്കിലും സ്വയം പ്രതിരോധത്തിലേക്ക് വലിയേണ്ടിവന്നു. അന്വേഷണസംഘം മൊഴിയെടുത്തു കഴിഞ്ഞതോടെ പൂര്‍ണ ആത്മവിശ്വാസത്തിലാണ് അദ്ദേഹം. എന്തായാലും രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിലേക്ക് കടക്കുകയാണ് ഹാട്രിക് വിജയം സ്വപ്നം കാണുന്ന രാഘവന് .
അതേസമയം ശബരിമല അക്രമ സംഭവത്തില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട്ടെ എന്‍ഡിഎസ്ഥാനാര്‍ഥി പ്രകാശ് ബാബു നല്കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. പ്രചാരണം ചൂട് പിടിക്കുമ്പോള്‍ സ്ഥാനാര്‍ഥി ജയിലിലായത് വലിയ അനിശ്ചിതത്വമാണ് ഉണ്ടാക്കുന്നത്. ഹൈക്കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രചാരണം.
ചിത്തിര ആട്ടവിശേഷ നാളില്‍ ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസിലാണ് പ്രകാശ് ബാബുവിനെ റാന്നി മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. എന്നാല്‍ ജയിലില്‍ കിടന്ന് പ്രകാശ് ബാബു മല്‍സരിക്കുമെന്ന് ബിജെപി നേതൃത്വം പ്രഖ്യാപിക്കുകയും പത്രിക നല്‍കുകയും ചെയ്തു. സ്ഥാനാര്‍ഥിയുടെ അഭാവത്തില്‍ വോട്ടഭ്യര്‍ത്ഥിച്ച് ബിജെപി നേതാക്കളാണ് ഇപ്പോള്‍ വീടുകള്‍ കയറുന്നത്.