കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സ്കാനിംഗ് വൈകിയതിനെ തുടർന്ന് സ്ത്രീ കുഴഞ്ഞുവീണുമരിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം. മലപ്പുറം സ്വദേശിനി മാധവി(65) ആണ് മരിച്ചത്. അപസ്മാരത്തെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയതായിരുന്നു മാധവി. കാഷ്വാലിറ്റിയിലെത്തിയ ഇവരോട് സ്കാനിംഗ് നടത്തി തിരിച്ചെത്താൻ ഡോക്ടർ നിർദേശിച്ചതിനെ തുടർന്ന് സ്കാനിംഗ് മുറിയേക്ക് പോകുകയായിരുന്നു ഇവർ.
എന്നാൽ പുറത്ത് കാത്ത് നിൽക്കുകയല്ലാതെ ഇവരെ ഇവരെ സ്കാനിംഗിനായി അകത്തേക്ക് കയറ്റിയിരുന്നില്ല. പുറത്ത് ഏറെ കാത്ത് നിന്ന മാധവി ഒടുവിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. കാഷ്വാലിറ്റിയില്‍നിന്നും സ്കാനിംഗിന് അയ്ക്കുന്നവര്ക്ക് എളുപ്പം സ്കാനിംഗ്നടത്തികൊടുക്കണമെന്നാണ് ചട്ടം.
മാധവിയുടെ കാര്യത്തില്‍ ഇതുണ്ടായില്ല. സ്കാനിംഗ് നടത്തുന്ന മുറിക്ക് മുന്പിലായിരുന്നു ഇവർ കുഴഞ്ഞുവീണത്. സംഭവവുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജ് ജീവനക്കാരുമായി വലിയ വാക്കുതര്‍ക്കമുണ്ടാകുകയും ചെയ്തു.
മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ഇഷ്ടത്തിനനുസരിച്ചാണ് സ്കാനിംഗിന് എത്തുന്നവരെ അകത്ത് കയറ്റാറുള്ളതെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു.
ഇന്നലെ മാധവി സ്കാനിംഗിന് എത്തിയപ്പോള്‍ നാലുപേരാണ് സ്കാന്‍ ചെയ്യാന്‍ വരിയിലുണ്ടായിരുന്നത്. ഇവരാകട്ടെ ജീവനക്കാരുടെ അടുത്ത ബന്ധുക്കളും. ജീവനക്കാര്‍ക്ക് എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ എളുപ്പം പരിശോധന നടത്താമെങ്കിലും അതിന്റെ മറവില്‍ ജീവനക്കാര്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും തങ്ങളുടെ സ്വധീനം ഉപയോഗിച്ച് സ്കാനിംഗിന് കയറ്റുകയാണെന്ന് രോഗികൾ ആരോപിക്കുന്നു.
മറ്റുള്ളവര്‍ മണിക്കൂറുകളോളം കാത്തിരിക്കുകയും വേണം. അതേസമയം ഇന്നലെ സംഭവവുമായി തര്‍ക്കമുണ്ടായെങ്കിലും മാധവിയുടെ ബന്ധുക്കള്‍ പരാതി നല്കാന് തയാറായില്ല. പരാതി നല്കിയാല് മൃതശരീരം വിട്ടുകിട്ടാന്‍ താമസിക്കുമെന്നതിനാലാണ് പരാതി നൽകാൻ ബന്ധുക്കൾ മടിച്ചത്.
സംഭവത്തിന് ശേഷം മെഡിക്കല്‍ കോളജില്‍ സ്കാനിംഗ് യന്ത്രം കേടാവുകയും ചെയ്തു. ദിനംപ്രതി ഇരുന്നൂറോളം പേര്‍ക്ക് സ്കാനിംഗ് ആവശ്യമായി വരുന്നുണ്ട്. ആശുപത്രിയിലെ സ്കാനിംഗ് യൂണിറ്റ് കേടായതിനാല്‍ രോഗികള്‍ സ്വകാര്യ സ്കാനിംഗ് സ്ഥാപനത്തെയാണ് ആശ്രയിച്ചത്. മെഡിക്കല്‍ കോളേജില്‍ സ്കാനിംഗ് എടുക്കുന്നതിന്ന് 800 രൂപയേ ആവശ്യമുള്ളൂ.
പുറമെ സ്ഥാപനങ്ങളില്‍ 1000 മുതല്‍ 1500 രൂപ വരെ നല്‍കേണ്ടി വരും. കൂടാതെ രോഗിയെ കൊണ്ടുപോകാനും തിരിച്ചു കൊണ്ടുവരാനും ആംബുലന്‍സിന് വാടകയിനത്തില്‍ തുക വേറെയും വേണം. ഇതിനിടയിലാണ് ജീവനക്കാരുടെ സ്വന്തം ഇഷ്ടപ്രകാരം ആളുകളെ തിരുകികയറ്റല്‍.