സ്വന്തം ലേഖകന്‍
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ പിഎസ്സിക്ക് വിട്ട നിയമനങ്ങളില്‍ പോലും താല്കാലികമായി ഉദ്യോഗസ്ഥരെ നിയമിക്കുന്നതായി പരാതി.യാതൊരുവിധ യോഗ്യതയും ഇല്ലാത്തവരെയാണ് ഈ രീതിയില്‍ തിരുകി കയറ്റുന്നത്.
ഭരിക്കുന്നപാര്ട്ടി നേതാക്കളുടെ ഇംഗിതത്തിനനുസരിച്ചാണ് നിയമനങ്ങള്‍ നടക്കുന്നത്. മെഡിക്കല്‍ കോളേജിലെ അറ്റന്‍ഡര്‍, ലാസ്റ്റ്ഗ്രേഡ് നിയമനങ്ങളാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ പാര്‍ട്ടി അനുഭാവികള്‍ക്ക് മാത്രമായി നടത്തുന്നത്.
ആര്‍എസ്ബിവൈ പദ്ധതിയില്‍ അറ്റന്‍ഡര്‍മാരായി എട്ടാംക്ലാസാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ഇന്നലെ പരീക്ഷ നടത്തിയവര്‍ക്ക് അടിസ്ഥാനയോഗ്യതയായി പരസ്യത്തില്‍ പറയുന്നത് പ്ലസ്ടുവാണ്. ഇത് പാര്‍ട്ടിക്ക് താല്്പര്യമുള്ള ചിലരെ നിയമിക്കാനാണെന്നാണ് ആരോപണം.അപേക്ഷ നല്‍കിയവരെയെല്ലാം പരീക്ഷയില്‍ പങ്കെടുക്കാന്‍ വിളിച്ചിട്ടുമില്ല.
പലരേയും ഒഴിവാക്കിയാണ് ഹാള്‍ടിക്കറ്റ് നല്‍കിയതെന്നും ആരോപണമുണ്ട്. ഒന്‍പത് പേര്‍ക്കാണ് നിയമനം നല്‍കേണ്ടത് 160 പേര് പരീക്ഷയ്ക്കായി എത്തിയിരുന്നു.ഈസര്‍ക്കാര്‍ അധികാരമേറ്റതോടെ മുന്‍പുണ്ടായിരുന്ന പലരേയും പിരിച്ചുവിട്ടു.ഇപ്പോള്‍ നിയമനം കിട്ടിയവര്‍ക്കാകട്ടെ പരിചയക്കുറവുണ്ടെന്നും ഇത് പലപ്പോഴും രോഗികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായും പരാതിയുണ്ട്.
സ്കാനിംഗിന് ശിപാര്‍ശ ചെയ്ത രോഗിയെ വാര്‍ഡില്‍നിന്നും കൊണ്ടുപോയ അറ്റന്‍ഡര്‍ എക്സ്റേ റൂമില്‍ കൊണ്ട് പോയതായി ബന്ധുക്കളുടെ പരാതിയുണ്ട്. ആശുപത്രിയുമായി പുലബന്ധം പോലുമില്ലാത്തവരെ നിയമിച്ചാല്‍ എന്താവും തങ്ങളുടെ അവസ്ഥയെന്നാണ് രോഗികള്‍ ചോദിക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നുവെങ്കിലും അവരുടെ ഭരണകാലത്തും ഇതൊക്കെതന്നെയായിരുന്നു അവസ്ഥ. അറ്റന്‍ഡര്‍, ലാസ്റ്റ്ഗ്രേഡ് നിയമനങ്ങള്‍ക്കായി ഇന്നലെ എത്തിയവരില്‍ പലരും സിപിഎം ഉന്നത നേതാക്കളുടെ അടുപ്പക്കാരാണ്.
ആശുപത്രിയില്‍ ശുചീകരണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്നവരാണ് ലാസ്റ്റ് ഗ്രേഡ് തസ്തികയില്പ്പെടുന്നവര്. നിരവധി ഒഴിവുകള്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ മാത്രം ഉണ്ട്. ഇപ്പോള്‍ പിഎസ്സി വഴിയാണ് നിയമനം എന്നിരിക്കേ ഒഴിവുവരുന്ന തസ്തികകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. അതിനാല്‍ ഇങ്ങനെ താത്കാലികമായി ജോലിചെയ്യുന്നവരെ ആദ്യ ആറു മാസത്തേക്ക് എടുക്കുകയും പീന്നീട് നീട്ടി നല്‍കുകയും ചെയ്യുകയാണ് പതിവ്.
ലാസ്റ്റ് ഗ്രേഡ് തസ്തിക കഴിഞ്ഞാല്‍ ഗ്രേഡ് വണ്‍, ഗ്രേഡ് ടു തസ്തികകളിലാണ് ഒഴിവുള്ളത്. ഇവിടേക്ക് സര്‍വീസില്‍ നിന്നും പിരിഞ്ഞവരെ വീണ്ടും താത്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്ന പ്രവണതയും ഉണ്ട്. എന്നാല്‍ ഇതിനേക്കാള്‍ ഏറെ ദൂഷ്യഫലം ഉണ്ടാക്കുന്നത് യാതൊരു പരിചയവും ഇല്ലാത്തവരെ തിരുകിക്കയറ്റുന്നതാണെന്ന പരാതിയാണ് ഉയരുന്നത്.