കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള ചികിത്സാഉപകരണങ്ങളുടെ വിതരണം നിലച്ചു. കഴിഞ്ഞ ഒരു മാസമായി ചികിത്സക്കാവശ്യമായ ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ അടിയന്തിര വിഭാഗമായ ഇന്റര്‍വന്‍ഷന്‍ റേഡിയോളജിയുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഇതോടെ രക്തകുഴലുമായി ബന്ധപ്പെട്ട എല്ലാ ചികിത്സകളും മുടങ്ങി. ഇതോടെ ആയിരത്തോളം രോഗികളാണ് ചികിത്സ ലഭിക്കാതെ മടങ്ങുന്നത് .
തലച്ചോര്‍, കരള്‍, ഹൃദയം, ഗര്‍ഭപാത്രം എന്നിവിടങ്ങളിലേ രക്തക്കുഴലുകള്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്കാണ് കുറഞ്ഞ ചെലവില്‍ ഇവിടെ നിന്ന് ചികിത്സ ലഭിക്കുന്നത് . കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഈ വിഭാഗം പ്രവര്‍ത്തനം ആരംഭിച്ചത്. കോഴിക്കോട് കൂടാതെ തിരുവനന്തപുരം ശ്രീചിത്രയില്‍ മാത്രമാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുന്നത്.
ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുള്ള ആയിരക്കണക്കിന് രോഗികളാണ് രക്തക്കുഴലുകളിലെ പ്രശ്നവുമായി ഇവിടെ എത്തുന്നത് .എന്നാല്‍ ചികിത്സക്കാവശ്യമായ സ്റ്റെന്റ്്, കത്തീറ്റര്‍, വയര്‍, ബലൂണ്‍, ബ്ലീഡിംഗ് തടയാനുള്ള ഉപകരണങ്ങള്‍ എന്നിവ ഇല്ലാത്തതിനാല്‍ രോഗികളെ മടക്കി അയക്കുകയാണ്. അഞ്ഞൂറിലധികം രോഗികള്‍ക്കാണ് ചികിത്സ ലഭിക്കാതെ മടങ്ങിപ്പോകേണ്ടി വന്നത് . ഉപകരണങ്ങള്‍ ലഭ്യമായാല്‍ വിളിക്കാം എന്ന് പറയുന്നുണ്ടെങ്കിലും ഇതുവരെ വിളിച്ചിട്ടില്ല.
വിതരണക്കാര്‍ക്ക് ഇന്‍ഷുറന്‍സ് കുടിശ്ശിക മൊത്തമായും കൊടുത്തു തീര്‍ക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തിയതോടെയാണ് ചികിത്സക്ക് ആവശ്യമായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തെ കുടിശ്ശികയായ രണ്ടരക്കോടി രൂപയാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് നല്‍കാനുള്ളത്. ഇത് ആശുപത്രി പ്രവര്‍ത്തനത്തെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കു മുമ്പാണ് കുടിശ്ശിക അടക്കാത്തതുമൂലം ഹൃദയ ചികിത്സക്ക് ആവശ്യമായ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തി വെച്ചിരുന്നു. ഇതുമൂലം രോഗികള്‍ക്ക് ചികിത്സ കിട്ടാതെ വരുകയും കാത്ത് ലാബ് അടക്കം അടച്ചിടേണ്ടിയും വന്നു . പിന്നീട് നടത്തിയ ചര്‍ച്ചയില്‍ കുടിശ്ശിക മൊത്തമായും അടച്ചു തീര്‍ക്കുമെന്നും വിതരണം മുടങ്ങരുതെന്നും തീരുമാനിച്ചെങ്കിലും ഫെബ്രുവരി വരെയുള്ള പണം മാത്രമാണ് നല്‍കിയിട്ടുള്ളത്.