കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൃത്യമായ ചികിത്സ കിട്ടാതെ ആദിവാസി മരിച്ച സംഭവത്തില്‍ രണ്ടു ഡോക്ടര്‍മാര്‍ക്ക് സസ്പെന്ഷന് . എല്ലുരോഗ വിഭാഗം അസി.പ്രഫ. ഡോ.അരുണ്‍ പ്രകാശ് , സര്‍ജറി വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് ഡോ.വൈശാഖ് റെമിന്‍ എന്നിവര്‍ക്കാണ് സസ്പെന്ഷന് .
പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറുടേതാണ് തീരുമാനം. അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരാണിത്. നിലമ്പൂര്‍ പൂക്കോട്ട്പാടം ചേലോട് കോളനിയിലെ കണ്ടന് (50) ആണ് കഴിഞ്ഞ വെള്ളിയാഴ്ച മരിച്ചത്.തെങ്ങില്‍ നിന്ന് വീണ കണ്ടനെ ഉടനെ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചു.
എന്നാല്‍ മൂന്നു മണിക്കൂറോളം അധികൃതരോ ഡോക്ടര്‍മാരോ തിരിഞ്ഞ് നോക്കിയില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചുക്കൊന്ന സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിനുമുമ്പായിരുന്നു ഈ സംഭവവും.